കോട്ടയം: മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന ആവശ്യവുമായാണ് കടനാട് സ്വദേശി ബോസി മൈക്കിൾ പാലാ ടൗൺ ഹാളിൽ നടന്ന മീനച്ചിൽ താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ പരാതിയുമായി എത്തുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ബോസി മൈക്കിളും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. ബോസിയുടെ ഭാര്യ ടെനി മോൾക്ക് കാഴ്ചപരിമിതിയും ഉണ്ട്. ഇവരുടെ റേഷൻകാർഡ് എ.പി.എൽ വിഭാഗത്തിൽപ്പെട്ടതായതിനാൽ സൗജന്യചികിത്സ ആനുകൂല്യങ്ങളും റേഷൻ കടയിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.
ബോസി മൈക്കിളിന്റെ പരാതി അദാലത്തിൽ പരിഗണിച്ച സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ മുൻഗണനാ വിഭാഗത്തിലേക്ക് ഇവരുടെ റേഷൻ കാർഡ് മാറ്റുകയായിരുന്നു. അദാലത്തിൽ വെച്ച് തന്നെ ബോസി മൈക്കിളിനും കുടുംബത്തിനും മന്ത്രി മുൻഗണനാവിഭാഗത്തിനുള്ള റേഷൻ കാർഡ് കൈമാറി. പരാതി ഉടനടി തന്നെ പരിഹരിച്ച സർക്കാരിനും മന്ത്രിക്കും നന്ദി പറഞ്ഞാണ് മീനച്ചിലിൽനിന്ന് ബോസിയും കുടുംബവും മടങ്ങിയത്.
പതിനൊന്നു വർഷമായി കിടപ്പുരോഗിയായ ഭർത്താവുമായി ജീവിതത്തോട് ഒറ്റയ്ക്ക് പോരാടുകയാണ് മീനച്ചിൽ സ്വദേശിയായ ആനന്ദവല്ലിയമ്മ. ആ പോരാട്ടങ്ങൾക്ക് താലൂക്ക് അദാലത്തിലൂടെ കൈത്താങ്ങായി മാറിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ ആനന്ദവല്ലിയമ്മയുടെ പരാതി പരിഗണിച്ചു മുൻഗണനാ റേഷൻ കാർഡ് കൈമാറി. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് കാർഡ് ആനന്ദവല്ലിയമ്മ ഏറ്റുവാങ്ങി.
ഓട്ടോ ഡ്രൈവറായിരുന്ന ഭർത്താവ് പുരുഷോത്തമൻ നായർ പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലാണ്. രണ്ടുമക്കളുണ്ട്. അവർ വേറെയാണ് താമസം. ഇവർക്ക് സ്വന്തം പേരിൽ ഭൂമിയുമില്ല. പുരുഷോത്തമൻ നായർക്ക് ലഭിക്കുന്ന വാർധക്യകാലപെൻഷനും ആനന്ദവല്ലിയമ്മ 18 വർഷത്തോളം ചെയ്ത പാർട്ട് ടൈം ജോലിയുടെ പെൻഷൻ തുകയുമാണ് ഏക വരുമാനം. മരുന്നിനു വേണ്ടി തന്നെ മാസം നല്ല ഒരു തുകയാകുമെന്നും ആനന്ദവല്ലിയമ്മ പറയുന്നു. ഇത്തരം വെല്ലുവിളികൾക്ക് തുണയൊരുക്കിയാണ് മുൻഗണനാ റേഷൻകാർഡ് അദാലത്തിലൂടെ കൈമാറിയത്.