കോട്ടയം: ആറുവർഷമായ് മുടങ്ങിക്കിടക്കുന്ന മകന്റെ വികലാംഗ പെൻഷൻ ലഭിക്കണമെന്ന ആവശ്യവുമായാണ് തൊണ്ണൂറുകാരനായ പരമേശ്വരൻ നായർ താലൂക്ക് അദാലത്തിലെത്തുന്നത്. ജന്മനാ കിടപ്പു രോഗിയാണ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ഇലയ്ക്കാട് സ്വദേശിയായ പരമേശ്വരൻ നായരുടെ ഇളയ മകൻ ബിജു. അദാലത്തിൽ പരമേശ്വരൻ നായരുടെ പരാതി പരിഗണിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ മുടങ്ങിക്കിടന്ന പെൻഷൻ പുനസ്ഥാപിച്ച് ഉത്തരവ് നൽകുകയായിരുന്നു. മകൻെ പേരിലുള്ള ഭൂമിയുടെ അളവ് കാട്ടിയായിരുന്നു വികലാംഗപെൻഷൻ മുടങ്ങിയത്.
പതിനഞ്ചോളം വരുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കണമെന്ന ആവശ്യവുമായിട്ടാണ് വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര സ്വദേശികളായ സോമൻ നായരും രവീന്ദ്രൻ നായരും പാലാ താലൂക്ക് അദാലത്തിലെത്തുന്നത്. വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ ജനകീയ കുടിവെള്ള പദ്ധതി മുഖേന ലഭിച്ചുകൊണ്ടിരുന്ന വെള്ളമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ രണ്ടുവർഷത്തേിലേറയായി പദ്ധതി മുടങ്ങിക്കിടക്കുകയാണ്. ജല ജീവൻ മിഷൻ വഴി പ്രദേശവാസികൾക്ക് വെള്ളം എത്തിച്ചു നൽകാനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പുനൽകിയതിന്റെ സന്തോഷത്തിലാണ് അരീക്കരക്കാർ മടങ്ങിയത്.