മുംബൈ: ”ഞാന്‍ നിങ്ങളോട് യാചിക്കുന്നു, എന്റെ മകനെ പുറത്തുവിടൂ”, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സമയത്ത് ഷാരൂഖ് ഖാന്‍ നടത്തിയ ചാറ്റുകള്‍ പുറത്തുവിട്ട് സമീര്‍ വാങ്കഡെ. ഇതു സംബന്ധിച്ച തെളിവുകള്‍ ബോംബെ ഹൈക്കോടതിയില്‍ സമീര്‍ വാങ്കഡെ ഹാജരാക്കി. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണ്‍ മുന്‍ മേധാവിയായിരുന്നു സമീര്‍ വാങ്കഡെ.
2021 ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പില്‍ നിന്ന് ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ, എന്‍സിബി അറസ്റ്റ് ചെയ്തത്. എന്നാല്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കുന്നത് ഒഴിവാക്കാന്‍ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കേസില്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 വാങ്ങിയെന്നും സിബിഐ എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.
സിബിഐ എഫ്‌ഐആറിനെതിരേ ഹൈക്കോടതിയെ സമീപിച്ച സമീര്‍ വാങ്കഡെയ്ക്ക് 22 വരെ മുംബൈ ഹൈക്കോടതി അറസ്റ്റില്‍നിന്നു സംരക്ഷണം അനുവദിച്ചിട്ടുണ്ട്. എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണ് മുംബൈ മേഖല മുന്‍ ഡയറക്ടര്‍ കൂടിയായ വാങ്കഡെ കോടതിയെ സമീപിച്ചത്.