KeralaNEWS

അഴിമതിയുടെ ഏഴ് വർഷങ്ങൾ;പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ

കൊച്ചി: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.
കേരളത്തിൽ അഴിമതിയുടെ ഏഴ് വർഷങ്ങളാണ് കടന്നു പോയതെന്ന് പറഞ്ഞ സുരേന്ദ്രൻ ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സര്‍ക്കാര്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഇടത് സര്‍ക്കാരിനു കൈമുതലായുള്ളത് ഭരണ തകര്‍ച്ചയും, അരാജകത്വവും മാത്രമാണ്.സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് കൊച്ചിയില്‍ നടന്നിരിക്കുന്നത്. ഇതിലൂടെ വ്യക്തമാവുന്നത് പാക്കിസ്ഥാന്റെ നേരിട്ടുള്ള ഇടപെടലുകളാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയതയാണ് കേരളത്തെ ലഹരി ഹബ്ബാക്കി മാറ്റുന്നത്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അവിശുദ്ധ സഖ്യമാണ് നടക്കുന്നത്.പൊലീസുകാര്‍ ലഹരിമാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി വിടുപണി ചെയ്യുകയാണ്.ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയുടെ കൊലപാതകം.

സര്‍വ്വത്ര കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്.പണ്ടൊക്കെ ഒരു പദ്ധതിയില്‍ നിന്നും കമ്മീഷന്‍ അടിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് പദ്ധതികള്‍ പോലും സൃഷ്ടിക്കുന്നത്.പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വിലകൂടിയിരിക്കുകയാണ്.അരിക്കും പച്ചക്കറിക്കും ഉള്‍പ്പെടെ പൊള്ളുന്ന വിലയാണ് ഇന്ന് കേരളത്തിലുള്ളത്. വെള്ളക്കര വര്‍ധനവ് നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നില്‍ക്കുമ്ബോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

 

Signature-ad

കെട്ടിട നിര്‍മാണ മേഖലയിലാവട്ടെ റോക്കറ്റ് നികുതി വര്‍ധനവാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും പൂര്‍ണ പരാജയമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു.എഐ ക്യാമറ അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ്.ഇന്ത്യയില്‍ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നു.താനൂര്‍ ബോട്ടപകടം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമാണ്. 22 പേരെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തതാണ്-സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: