തപാൽ വോട്ട് നിഷേധിച്ചു, വിഎസ് അസ്വസ്ഥൻ
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇക്കുറി വോട്ട് ചെയ്യാനാവില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ആണ് വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്.എന്നാൽ ഇത്തവണ അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നും യാത്ര ചെയ്യാൻ വിഎസിന് ആകില്ല. അതുകാരണം ദിവസങ്ങൾക്ക് മുമ്പ് തന്നെ തപാൽ വോട്ടിന് വിഎസ് അപേക്ഷിച്ചിരുന്നു. എന്നാൽ ചട്ടം അനുസരിച്ച് വി എസിന് തപാൽ വോട്ട് നൽകാനാകില്ല എന്നാണ് ഉദ്യോഗസ്ഥർ നിലപാടെടുത്തത്.
ദൂരസ്ഥലങ്ങളിലേക്ക് യാത്രാ വിലക്കുള്ളതിനാൽ വിഎസ് ഇത്തവണ വോട്ട് ചെയ്യാൻ എത്തുകയില്ല എന്ന് മകൻ വി അരുൺകുമാർ പറഞ്ഞു. വോട്ട് ചെയ്യാൻ ആകാത്തതിനാൽ തികച്ചും അസ്വസ്ഥനാണ് വിഎസ് എന്നും മകൻ പറഞ്ഞു.
കോവിഡ് ബാധിതർ കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നവർ, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് തപാൽ വോട്ട്. ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നാൽ 1951 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും വി എസ് വോട്ട് ചെയ്തിട്ടുണ്ട് അരുൺകുമാർ വ്യക്തമാക്കുന്നു.