മമ്മൂട്ടി, വൈക്കം മുഹമ്മദ് ബഷീറായി പുനരവതരിച്ച അടൂരിന്റെ ‘മതിലുകൾ’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
അടൂരിന്റെ ‘മതിലുകൾ’ക്ക് 33 വർഷം പഴക്കം. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മാംശമുള്ള ലഘുനോവലിന്റെ ആവിഷ്ക്കാരം. കൗമുദി ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിലാണ് (1964) നോവൽ പ്രസിദ്ധീകരിച്ചത്. പ്രദർശനത്തിനെത്തിയത് 1990 മെയ് 18 ന്. ഒരിക്കലും കണ്ടുമുട്ടാത്ത രണ്ട് പേരുടെ സാക്ഷാത്ക്കരിക്കാത്ത പ്രണയകഥയാണ് മതിലുകൾ. അടൂർ തന്നെ നിർമ്മിച്ച ഈ ചിത്രത്തിലൂടെ അടൂരിനും മമ്മൂട്ടിക്കും അംഗീകാരങ്ങൾ നേടാനായി.
ബ്രിട്ടീഷുകാർക്കെതിരെ എഴുതി എന്ന കുറ്റത്താൽ ജയിൽശിക്ഷ അനുഭവിക്കുന്ന എഴുത്തുകാരൻ ബഷീർ ജയിലിൽ ഏവരുടെയും സ്നേഹപാത്രം. ബഷീറിന് എഴുതാൻ പോലീസുകാർ പോലും പേപ്പർ എത്തിച്ചു കൊടുക്കുന്നു. ഉടൻ സ്വതന്ത്രനാവും എന്ന അറിയിപ്പിന്മേൽ സന്തോഷത്തോടെ കഴിഞ്ഞ ബഷീറിന്റെ പേര് ലിസ്റ്റിൽ ഇല്ലാത്തത് അയാളെ ദുഃഖിപ്പിക്കുന്നു. സ്ത്രീകളുടെ വാർഡിനടുത്ത് പച്ചക്കറിത്തോട്ടം പണിയുന്നതിനിടെ കേട്ട സ്വരവുമായി അയാൾ സ്നേഹത്തോടെ സംവദിച്ചു തുടങ്ങുന്നു. നാരായണി എന്ന ആ സ്വരത്തിനുടമയുമായി (കെപിഎസി ലളിതയുടെ ശബ്‌ദം) പ്രണയത്തിലായ അയാൾക്കിപ്പോൾ സന്തോഷം. കൂടിക്കാഴ്‌ചയ്‌ക്ക് പദ്ധതിയിടുന്നു അവർ. പക്ഷെ ആ നാളെത്തുന്നതിന് മുൻപേ ബഷീറിനെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് വന്നു. നാരായണിയെ കാണാനാവാതെ അയാൾക്ക് എന്ത് സ്വാതന്ത്ര്യം… ഹൂ വാണ്ട്സ് ഫ്രീഡം?
മനുഷ്യരുടെയിടയിൽ മതിലുകൾ തീർക്കുന്ന സ്നേഹമില്ലാത്ത ലോകം അയാൾക്ക് വലിയൊരു ജയിലാണ്. വ്യക്തിസ്വാതന്ത്ര്യത്തെ പുനർനിർമ്മിച്ച കഥ കൂടിയാണ് മതിലുകൾ.
ഗാനങ്ങളില്ലായിരുന്നു. കാമറ മങ്കട രവിവർമ്മ. അടൂർ ഗോപാലകൃഷ്‌ണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ആദ്യചിത്രമാണ് മതിലുകൾ.