തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ കുളിമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജുവിന്റെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍. കഴക്കൂട്ടം പുത്തന്‍തോപ്പ് റോജ ഡെയ്ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യയാണ് അഞ്ജു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഞ്ജുവിന്റെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.
അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ് പ്രമോദ് ആരോപിച്ചു. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ മകള്‍ ചോദ്യം ചെയ്തിരുന്നു. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കൊന്നതാണ്. തന്റെ മുന്നില്‍ വെച്ചും മകളെ ഭര്‍ത്താവ് പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു.
നിരവധി തവണ മകള്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. മകളെ തീ കൊളുത്തി കൊലപ്പെടുത്തിയതാണ്. പിന്നീട് ഇത് ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ഭര്‍ത്താവ് നാടകം കളിച്ചുവെന്നുമാണ് പ്രമോദ് ആരോപിക്കുന്നത്. പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമേ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചുള്ളൂ എന്നും വീട്ടുകാര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പുത്തന്‍ത്തോപ്പില്‍ ഫുടബോള്‍ മത്സരം കാണാന്‍ പോയശേഷം ഇടവേള സമയത്ത് വീട്ടില്‍ വന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ ഭാര്യയെയും കുഞ്ഞിനേയും കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇയാള്‍ പറയുന്നു.