IndiaNEWS

അസമിലെ ‘ലേഡി സിങ്കം’ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ഗുവഹത്തി: അസം പോലീസിലെ വിവാദ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വനിതാ എസ്‌ഐ ഓടിച്ചിരുന്ന കാര്‍ കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നഗാവ് ജില്ലയില്‍ ജഖലബന്ധ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സരുഭുഗിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

‘ലേഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന ജുന്‍മോനി രാഭ വിവാദങ്ങളുടെ തോഴി കൂടിയായിരുന്നു. അപകടസമയം ഇവര്‍ യൂണിഫോമിലല്ലായിരുന്നു. അപകടവിവരം അറിഞ്ഞ് പുലര്‍ച്ചെ 2.30 ഓടെ പോലീസ് പട്രോള്‍ സംഘമെത്തി വാഹനത്തില്‍ തനിച്ചായിരുന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ കണ്ടെയ്‌നര്‍ ട്രക്കിന്റെ ഡ്രൈവര്‍ കടന്നുകളഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശില്‍നിന്നു വരികയായിരുന്നു ട്രക്ക്. ജുന്‍മോനി രാഭ അപ്പര്‍ അസമിലേക്ക് പോകുകയായിരുന്നു.

Signature-ad

എസ്‌ഐയായിരുന്ന ജുന്‍മോനി രാഭ യാതൊരു സുരക്ഷയുമില്ലാതെ സിവില്‍ ഡ്രസില്‍ തനിയെ വാഹനമോടിച്ചു അപ്പര്‍ അസമിലേക്ക് പോയത് എന്തിനാണെന്ന് വ്യക്തമല്ല. ഇവരുടെ യാത്ര സംബന്ധിച്ചു കുടുംബത്തിനും അറിവില്ലായിരുന്നുവെന്നാണ് വിവരം. മോറിക്കോലോങ് പോലീസ് ഔട്ട്‌പോസ്റ്റിന്റെ ഇന്‍ചാര്‍ജായിരുന്നു ജുന്‍മോനി രാഭ. ക്രിമിനലുകള്‍ക്കെതിരായ ജുന്‍മോനിയുടെ കടുത്ത നടപടികള്‍ ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂണില്‍ ഇവരെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നു സസ്‌പെന്‍ഷനും നേരിട്ടു.

സസ്‌പെന്‍ഷനു ശേഷമാണ് സര്‍വീസില്‍ തിരികെക്കയറിയത്. ബിജെപി എംഎല്‍എ അമിയ കുമാര്‍ ഭുയാനുമായുള്ള ജുന്‍മോനി രാഭയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു. വനിതാ എസ്‌ഐ തന്റെ മണ്ഡലത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നുവെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. സംഭവത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് അര്‍ഹമായ ബഹുമാനം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തിയിരുന്നു.

Back to top button
error: