CrimeNEWS

തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; ദുരൂഹത നീക്കണമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ യുവതിയെ വീടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പുത്തന്‍തോപ്പ് റോജ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവാണ് (23) മരിച്ചത്. ഇവരുടെ മകന്‍ 9 മാസം പ്രായമുള്ള ഡേവിഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.

യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരേ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമേ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചുള്ളൂ എന്നാണ് പ്രധാന ആരോപണം.

അഞ്ജു ഭര്‍ത്താവ് രാജുവിനൊപ്പം

ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും ശുചിമുറിയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയ ശേഷം കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ശൗചാലയത്തില്‍ തീ കത്തിയത് അറിഞ്ഞില്ലെന്നാണ് സമീപത്തെ വീടുകളിലുള്ളവര്‍ പറയുന്നത്. പുത്തന്‍ത്തോപ്പില്‍ ഫുടബോള്‍ മത്സരം കാണാന്‍ പോയശേഷം ഇടവേള സമയത്ത് വീട്ടില്‍ വന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ ഭാര്യയെയും കുഞ്ഞിനേയും കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്. ഈ സമയം ഇയാള്‍ എവിടെ ആയിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

2021 നവംബര്‍ മാസത്തിലായിരുന്നു രാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം. വെങ്ങാനൂര്‍ പൂങ്കുളം പ്രമോദിന്റെയും ഷൈലജയുടെയും മകളാണ് മരിച്ച അഞ്ജു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: