കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ ഭര്‍തൃമതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് (ചൊവ്വ) നാലു മണിയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം. ഉദുമ ബാര മുക്കുന്നോത്തെ ബാലകൃഷ്ണന്റെ മകളും ബ്യൂട്ടീഷ്യനുമായ ദേവിക(36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ബോവിക്കാനം സ്വദേശിയും കാഞ്ഞങ്ങാട്ടേ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനുമായ സതീഷ് (36) നേരിട്ടു ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുതിയ കോട്ടയിലെ സപ്തഗിരി ലോഡ്ജില്‍ വച്ചാണ് സംഭവം. കൊല്ലപ്പെട്ട ദേവികയും സതീഷും അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പം ഇരുവരുടെയും കുടുംബ പ്രശ്‌നത്തിലേക്കെത്തിയിരുന്നു. ദേവികക്കെതിരെ സതീഷിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മേല്‍പ്പറമ്പ് പൊലീസില്‍ ഇരു വിഭാഗക്കാരെയും വിളിച്ച് സംസാരിച്ചിരുന്നു.
മുൻപ്രവാസിയായ സതീശൻ രണ്ടാഴ്‌ചയായി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയാണ്. ഇന്നാണ് ദേവിക ലോഡ്ജിലെത്തിയതെന്ന് ലോഡ്ജ് നടത്തിപ്പുകാർ പറഞ്ഞു. കൃത്യം നിർവ്വഹിച്ച ശേഷം വാതിൽപൂട്ടി തൊട്ടടുത്ത ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി കൊല നടത്തിയെന്ന കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. പൊലീസ്, ഫോറൻസിക് വിദഗ്ധർ എന്നിവർ ലോഡ്ജിലെത്തി പരിശോധനകൾ നടത്തിവരികയാണ്. ഇന്ന് ബ്യൂട്ടീഷ്യന്‍മാരുടെ സംഘടനയുടെ സമ്മേളനം നടക്കുന്നതിനാല്‍ ദേവിക കാഞ്ഞങ്ങാട് വന്നിരുന്നു. ഉച്ചയോടെ ദേവികയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് കടുംകൈ ചെയ്തത്.
യുവതി ഒന്നിച്ചുകഴിയാൻ വിസമ്മതിച്ചതാവാം കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. ലോഡ്‌ജ് മുറി മുറി പുറത്ത് നിന്ന് പൂട്ടിയശേഷമാണ് യുവാവ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും രണ്ടുപേരും വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
സതീഷിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ, സിഐ കെപി ഷൈൻ, എസ്ഐ കെവി ഗണേഷ് എന്നിവർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
മുക്കുന്നോത്തെ കെ.വി പ്രേമയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് ദേവിക. ഭർത്താവ്: രാജേഷ് (ചെറുപുഴ). മക്കൾ: ആദിയ, അലൻ (ഇരുവരും പാലക്കുന്ന് അംബികാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ).