ന്യൂഡല്‍ഹി: യുവനേതാവ് കനയ്യകുമാറിനെ കോണ്‍ഗ്രസ് ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി സൂചന. കനയ്യയെ ബിഹാര്‍ സംസ്ഥാന അധ്യക്ഷനാക്കാന്‍ നേരത്തേ നീക്കമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തതിനാല്‍ നടന്നില്ല. ബിഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി, സിപിഐ സഖ്യകക്ഷികള്‍ക്കും അദ്ദേഹത്തോടു താല്‍പര്യക്കുറവുണ്ട്.
ഡല്‍ഹി വോട്ടര്‍മാരില്‍ വലിയൊരു ഭാഗം യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായതിനാല്‍ കനയ്യയ്ക്കു പിന്തുണയാര്‍ജിക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍. യുവാക്കളെ ആകര്‍ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിക്കാനും സാധ്യതയുണ്ട്. ഭാരത് ജോഡോ യാത്രയിലുടനീളം കനയ്യ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.