കൊച്ചി: ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് കടന്ന പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം. തലശ്ശേരി സ്വദേശി ചിഞ്ചു മാത്യുവിനെതിരെയാണ് അന്വേഷണം. ഇയാളുടെ ഫ്‌ളാറ്റിലും വാഹനത്തില്‍ നിന്നുമായി ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി വഴക്കാലയിലെ ഫ്‌ളാറ്റില്‍ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയാണ് ഇയാള്‍ ആക്രമിച്ചത്. നാലു മാസമായി ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി. മുറിയിലേക്കു കയറിയപാടെ ഉദ്യോഗസ്ഥര്‍ക്കു നേരെ ചിഞ്ചു മാത്യു തോക്ക് ചൂണ്ടി. വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊട്ടിയില്ല. പ്രതിയെ കീഴ്‌പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ പ്രതി കയ്യില്‍ കരുതിയ കത്തി വീശി. ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. സിവില്‍ എക്സൈസ് ഓഫിസര്‍ ടോമിയുടെ വിരലിനു മുറിവേറ്റു. ഈ തക്കത്തില്‍ പ്രതി കടന്നു കളഞ്ഞു.
പ്രതിക്കായി രാത്രി പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈലും ലാപ്‌ടോപ്പും മുറിയില്‍നിന്ന് കണ്ടെത്തി. ഇയാളുടെ ഒരു കാറും കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ തന്നെ മറ്റൊരു വാഹനത്തിലാണ് രക്ഷപ്പെട്ടത്.
ഹഷീഷ് ഓയില്‍ കടത്തിയതിന് തൃശൂര്‍ എക്സൈസ് പിടികൂടിയ ചിഞ്ചു മാത്യു ഒന്നര വര്‍ഷത്തോളം ജയിലില്‍ ആയിരുന്നു. എട്ടു മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 5 ഗ്രാം എംഡിഎംഎ വീതമുള്ള 300 പായ്കറ്റുകളാണ് മുറിയില്‍നിന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍നിന്ന് രസാലഹരി മരുന്ന് എത്തിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വിതരണം ചെയ്യുന്നുണ്ട്.