NEWS

കോവിഡിനെ നിസാരമായി കാണരുത് ,എം ബി രാജേഷിന്റെ അനുഭവക്കുറിപ്പ്

കോവിഡിനെ നിസാരമായി കാണരുതെന്ന് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻ എംപി എം ബി രാജേഷ് പറയുന്നു .ഫേസ്ബുക് കുറിപ്പിലൂടെയാണ് രാജേഷ് സ്വന്തം അനുഭവം പങ്കുവെച്ചത് .

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ് –

Signature-ad

ഒരുപാടു പേർ ആരോഗ്യസ്ഥിതി അന്വേഷിക്കുകയുണ്ടായി. കോവിഡിനൊപ്പം ന്യുമോണിയ കൂടി വന്നതിനാൽ 10 ദിവസം ആശുപത്രിവാസം വേണ്ടിവന്നു. ഇപ്പോൾ വീട്ടിൽ വിശ്രമവും മരുന്നും തുടരുന്നു.ചുരുങ്ങിയത് ഡിസംബർ 15 വരെ തുടരേണ്ടി വരും. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരുന്നു.കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോകൾക്കായി അനേകം സഖാക്കൾ വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്യുന്നുണ്ട്.

തൽക്കാലം അധികം ആയാസമെടുക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ഫോൺ സംഭാഷണം പോലും വളരെ അത്യാവശ്യമേ നടത്താവു എന്നാണ് നിർദ്ദേശം. അതിനാൽ എല്ലാവരും ക്ഷമിക്കുമല്ലോ.
രോഗബാധിതനായി ആശുപത്രിയിൽ കിടന്നത് ജീവിതത്തിലാദ്യമായിട്ടായിരുന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റ് പല ആശുപത്രികളിലും മുമ്പ് കിടന്നിട്ടുണ്ടെങ്കിലും. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്.നവംബർ 14, 15 തിയ്യതികളിൽ തന്നെ കടുത്ത ക്ഷീണവും ശരീരവേദനയും തോന്നിയിരുന്നു.

വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനവും സ്വയം ഡ്രൈവ് ചെയ്യാൻ തുടങ്ങിയതുകൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടുമാണെന്നേ കരുതിയുള്ളൂ. എന്നാൽ 15 ന് രാത്രി കടുത്ത വിറയലും പനിയും അനുഭവപ്പെട്ടു.16 ന് ആൻറിജൻ ചെയ്തപ്പോൾ തന്നെ പോസിറ്റീവായി .തൊട്ടടുത്ത ദിവസങ്ങളിൽ നിനിതയും രണ്ടു മക്കളും കൂടി പോസിറ്റീവായി . ഭാഗ്യത്തിന് അവർക്കാർക്കും കടുത്ത പ്രശ്നങ്ങളുണ്ടായില്ല. ഞങ്ങൾ നാലു ദിവസം വീട്ടിൽ തുടർന്നു.കടുത്ത ക്ഷീണം. എങ്കിലും രുചി നഷ്ടമാവാത്തതിനാൽ നന്നായി ഭക്ഷണം കഴിക്കാനാവുന്നത് ആശ്വാസമായി.20ന് രാത്രി എനിക്ക് പനികടുത്തു. ഓക്സി മീറ്ററിൽ രക്തത്തിലെ ഓക്സിജൻ അളവ് കുറയാൻ തുടങ്ങി. 94ൽ താഴെയായാൽ ആശുപത്രിയിലെത്തി ഓക്സിജൻ ലഭ്യമാക്കണമെന്ന് കൊടുമ്പ് PHC യിലെ ഡോ.രശ്മി ഫോണിൽ നിരന്തരം മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. ഡോക്ടറും ആശാ വർക്കറും ഹെൽത്ത് ഇൻസ്പെക്ടറും കൃത്യമായ ഇടവേളകളിൽ എല്ലാവരുടേയും വിവരങ്ങൾ ഫോണിൽ അന്വോഷിച്ചു

കൊണ്ടിരുന്നു. ആരോഗ്യ പ്രവർത്തകൻ ശിവൻ പി പി ഇ കിറ്റ് ധരിച്ച് വീട്ടിലെത്തി രക്തവും രക്തസമ്മർദ്ദവും പരിശോധിച്ചു കൊണ്ടിരുന്നു. സർക്കാർ ആരോഗ്യ സംവിധാനത്തിൻ്റെ കാര്യക്ഷമതയും കരുതലും നേരിട്ട് അനുഭവിച്ചറിഞ്ഞ ദിവസങ്ങൾ.ഓക്സിജൻ റീഡിങ്ങ് ഡോ. രശ്മിക്കും ജില്ലാ ആശുപത്രിയിലെ കോ വിഡ് നോഡൽ ഓഫീസർ ഡോ.സോനക്കും നിരീക്ഷിക്കാനായി തുടർച്ചയായി വാട്ട്സ്ആപ്പിൽ അയച്ചു കൊണ്ടിരുന്നു. ഒരു പോള കണ്ണടക്കാത്ത രാത്രിക്കു ശേഷം പുലർച്ചെയായപ്പോഴേക്കും ഓക്സിജൻ 89 ലെത്തി. രാവിലെത്തന്നെ ഡോക്ടർ ആംബുലൻസയച്ച് ജില്ലാ ആശുപത്രിയിലേക്ക് എന്നെ മാറ്റി.ഉടൻ സി. .ടി .സ്കാൻ എടുത്തു. ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തി. റെം ഡിസീവർ എന്ന മരുന്നു നൽകാൻ ഡോക്ടർ രേഖാമൂലം സമ്മതം തേടി.ഫ്രണ്ട് ലൈനിലും മറ്റും മരുന്നിനെക്കുറിച്ച് വായിച്ചതിൻ്റെ ആശങ്കയുണ്ടായിരുന്നു.

ഡോക്ടറും മരുന്നിൻ്റെ പാർശ്വഫല സാദ്ധ്യതകളെക്കുറിച്ച് അറിയിച്ചു. എങ്കിലും പേടിക്കാനില്ലെന്നു പറഞ്ഞു. ഞാൻ ഒപ്പിട്ടു കൊടുത്തു. മറ്റ് സ്റ്റിറോയ്ഡുകളും കുത്തിവെക്കാൻ തുടങ്ങി.ഒരു അനുബന്ധ രോഗവും- പ്രത്യേകിച്ച് പ്രമേഹം- അതുവരെ ഇല്ലാതിരുന്ന എൻ്റെ ഷുഗർ ലെവൽ ഒറ്റയടിക്ക് 74ൽ നിന്ന് 574 ലേക്ക് കുതിച്ചുയർന്നു! (ഇപ്പോൾ പഴയ നിലയിലെത്തിയിട്ടുണ്ട് )പിന്നെ തുടർച്ചയായി ഇൻസുലിൻ. നിരന്തര പരിശോധന. രണ്ട് കൈകളിലും നിറയെ സിറിഞ്ച് കുത്തിയ അടയാളങ്ങൾ. പല ദിവസങ്ങളിലും അർദ്ധബോധാവസ്ഥയിൽ തളർന്ന് കിടക്കുകയായിരുന്നു. ഓക്സിജൻ ലെവൽ താഴ്ന്നു തന്നെയിരുന്നു.

ഒടുവിൽ ഓക്സിജൻ സിലിണ്ടറുകളെത്തി.നാല് ദിവസം ശ്വസനം പൂർണ്ണമായും ഓക്സിജൻ സഹായത്തിൽ.ഓക്സിജൻ ട്യൂബും ഡ്രിപ്പുമെല്ലാമായി ബന്ധനസ്ഥനായ നിലയിൽ ഞാൻ കിടന്നു. ആ കിടപ്പിൽ ഞാൻ ഗോരഖ്പൂരിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളെക്കുറിച്ചോർത്തു. അല്പം ആശ്വാസം വന്നപ്പോൾ ഇനി വേണമെങ്കിൽ ഓക്സിജൻ ഒഴിവാക്കാമെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. ഒഴിവാക്കിയാൽ ഈ ആശ്വാസം ഉണ്ടാവില്ലെന്നും തുടരണമെന്നും ഡോക്ടർ. ആവശ്യത്തിന്ന് സിലിണ്ടറുണ്ടാവുമോ എന്ന് ആശങ്കപ്പെട്ട എന്നോട് സോന ഡോക്ടർ പറഞ്ഞു- “ഒരു ക്ഷാമവുമില്ല; അതൊക്കെ ധാരാളമുണ്ട്.” ഓരോ അർദ്ധരാത്രിയും ഷിഫ്റ്റിനെത്തുന്ന ലിയോ ചേട്ടനാണ് 7000 ലിറ്ററിൻ്റെ സിലിണ്ടർ മുറിയിലെത്തിക്കുക. അത്രയും വലിയ സിലിണ്ടർ അദ്ദേഹത്തിനു മാത്രമേ കൊണ്ടെത്തിക്കാനാവു. പകുതിബോധത്തിൽ ഇതെല്ലാം അറിയുന്നുണ്ടെങ്കിലും തളർച്ച കാരണം ലിയോ ചേട്ടനോട് ഒരു വാക്ക് മിണ്ടാൻ പോലുമായില്ല. ഓക്സിജൻ വിഭാഗത്തിലെ അജിതിൻ്റെ സേവനവും അതുപോലെ വിലപ്പെട്ടത്.

ഡോ. സോനയുടെ നേതൃത്വത്തിൽ ഡോ.അശ്വിൻ, മെഡിക്കൽ കോളേജിലെ ഡോ.ശ്രീറാം, ജില്ലാ ആശുപത്രിയിലെ ഡോ. കാജൽ, ഡോ.അശ്വതി, ഡോ.ലംന എന്നിരാണ് എന്നെ ചികിത്സിച്ചത്.ഒപ്പം പല ഷിഫ്റ്റിലായി ജോലി ചെയ്ത നഴ്സുമാരുടെ വലിയൊരു സംഘവും. പട്ടിക നീണ്ടതായതിനാൽ ഓരോരുത്തരുടേയും പേര് പറയുന്നില്ല. പക്ഷേ ഈ സംഘത്തിൻ്റെ സമർപ്പിതവും ആത്മാർത്ഥവുമായ സേവനത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എനിക്കു മാത്രമല്ല അപ്പുറത്തും ഇപ്പുറത്തുമുള്ള രോഗികൾക്കെല്ലാം സമാനമായ സേവനം അവർ നൽകി. പടച്ചട്ടയണിഞ്ഞ പടയാളികളെപ്പോലെ പി പി ഇ കിറ്റും ധരിച്ച് ,കണ്ണ് പോലും പുറത്തു കാണാത്ത വിധം മണിക്കൂറുകൾ- രാവും പകലും- ജോലി ചെയ്യുന്ന അവരെ ഞാൻ എത്രയോ വട്ടം മനസ്സിൽ നിശ്ശബ്ദമായി സല്യുട്ട് ചെയ്തു.

നാല് ദിവസം അതികഠിനമായിരുന്നു. രാത്രി മുഴുവൻ, കോവിഡ് പോസിറ്റീവെങ്കിലും മറ്റ് പ്രശ്നങ്ങളില്ലാതിരുന്ന സ്റ്റാഫ് നഴ്സ് മാർട്ടിൻ എനിക്ക് കൂട്ടായി ഒപ്പമുണ്ടായി. പകൽ പോസിറ്റീവായ എൻ്റെ ഭാര്യ നിനിത ആശുപത്രിയിൽ ഒപ്പം നിൽക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ദിവസങ്ങൾ പിന്നിടാൻ തുടങ്ങിയപ്പോൾ പുറത്തെ സുഹൃത്തുക്കളിൽ പലർക്കും ആശങ്ക പടർന്നു. അവരുടെ ഭാഗത്തു നിന്ന് കൊച്ചിയിലേയോ മറ്റോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശമുണ്ടായി. എന്നാൽ ഇവിടെ തന്നെ മതി എന്ന ഉറച്ച നിലപാട് ഞാൻ തന്നെയാണ് എടുത്തത്.നിനിതയും അതിനൊപ്പം ധൈര്യത്തിൽ നിന്നു. ഞങ്ങൾക്ക് ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ പ്രതിബദ്ധതയിലും ആത്മാർത്ഥതയിലും കഴിവിലും ആഴത്തിൽ വിശ്വാസമുണ്ടായിരുന്നു എന്നതു തന്നെ പ്രധാന കാരണം. അവർ പലരും വ്യക്തിപരമായി അടുത്തറിയുന്നവരുമാണ്. സൗകര്യങ്ങൾ കൂടുതലുണ്ടാവാമെങ്കിലും ഇത്രയും കരുതലും പരിചരണവും മറ്റൊരു ആശുപത്രിയിലും കിട്ടുക പ്രയാസമാണെന്ന് തോന്നി.അത് ഡോക്ടർമാർക്കും ബലമായി. നവംബർ 28-ആയപ്പോഴേക്കും ആരോഗ്യ നിലയിൽ പ്രകടമായ പുരോഗതിയും ആശ്വാസവുമുണ്ടായി. ക്രമേണ കൂടുതൽ മെച്ചപ്പെട്ടു.

ശക്തമായ പൊതു ആരോഗ്യ മേഖലയും കാര്യക്ഷമമായ സർക്കാർ സംവിധാനവും എത്ര പ്രധാനമാണെന്ന എൻ്റെ ബോദ്ധ്യത്തെ കൂടുതൽ ബലപ്പെടുത്തി എൻ്റെ ചികിത്സാ അനുഭവം. ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ഒരു പത്രപ്രവർത്തക കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാനായി വിളിച്ചിരുന്നു. അക്കൂട്ടത്തിൽ അവർ പറഞ്ഞ ഒരു കാര്യം എന്നെ ഞെട്ടിച്ചു. ഡൽഹിയിലെ പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയിൽ 14 ദിവസം കോ വിഡ് വന്ന് അഡ്മിറ്റായ ഒരു രോഗിയുടെ ബില്ല് 40 ലക്ഷമായിരുന്നുവത്രേ !! മുംബയിലെ ആശുപത്രിയിൽ 14 ദിവസം ചികിത്സ തേടിയ ഒരു രോഗിയുടെ ബില്ല് 8 ലക്ഷത്രേ. ഈ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ 14 ദിവസം കിടന്ന രോഗിയുടെ 8.13 ലക്ഷത്തിൻ്റെ ബില്ലും അതിനെതിരെ കൊടുത്ത പരാതിയും ഇന്നലെ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി. ഇതിനിടയിലാണ് വളരെ നിസ്സാരമായ ചെലവിൽ ഞാൻ 10 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗമുക്തനായി വീട്ടിൽ തിരിച്ചെത്തുന്നത് ! നോക്കൂ, കേരളത്തിന് പുറത്തായിരുന്നെങ്കിലോ? ഇവിടെ തന്നെ സർക്കാർ ആശുപത്രിയിൽ അല്ലായിരുന്നെങ്കിലോ? സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സൗകര്യങ്ങളുള്ള എന്നെപ്പോലൊരു ഇടത്തരക്കാരനു പോലും ചികിത്സാ ചെലവ് താങ്ങാതെ നടുവൊടിഞ്ഞു പോകുമായിരുന്നു. ഞാനും വിരമിച്ച സൈനികനായ എൻ്റെ അച്ഛനും അദ്ധ്യാപകരായ എൻ്റെ ഭാര്യയും സഹോദരിയുമെല്ലാം ഒരു മാസത്തെ ഞങ്ങളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരാണ്. അതിൻ്റെ മൂല്യത്തേക്കാൾ വലിയ, വിലമതിക്കാനാവാത്ത സേവനം എനിക്ക് സർക്കാരിൽ നിന്ന് തിരിച്ചു കിട്ടി.

ഇത് എൻ്റെ അനുഭവസാക്ഷ്യമാണ്. എന്നെപ്പോലെ സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിച്ച അനേകായിരങ്ങളുടേയും. സർക്കാർ ഒപ്പമുണ്ട് എന്ന് ധാരാളം ഞാനും പ്രസംഗിച്ചിട്ടുണ്ട്. ആ വാക്കുകൾ ഇന്ന് എൻ്റെ തന്നെ സത്യാനുഭവമായി മാറിയിരിക്കുന്നു. കേരളത്തിലായതിൽ ഞാൻ അഭിമാനിക്കുകയും ആ സുരക്ഷിതത്വത്തിൽ ആശ്വസിക്കുകയും ചെയ്യുന്നു. ആരോഗ്യ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരായി ഞങ്ങൾ നയിച്ച പോരാട്ടങ്ങൾ എത്ര ശരിയായിരുന്നുവെന്ന് ഇപ്പോൾ വീണ്ടും ആവർത്തിക്കട്ടെ.. കേരളം എങ്ങിനെ ജീവിക്കുന്ന ബദലാണെന്ന് അനുഭവത്തെ മുൻനിർത്തി നിങ്ങളോട് ഉറക്കെ പറയട്ടെ.

അവസാനമായി ഒരു കാര്യം കൂടി .രോഗാവസ്ഥയിൽ പിന്തുണയും അന്വോഷണങ്ങളുമായി നൂറുകണക്കിനു പേർ വിളിക്കുകയും സന്ദേശങ്ങളയക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ എൻ്റെ പാർട്ടി സഖാക്കളും ഇതര പാർട്ടികളിലെ സുഹൃത്തുക്കളും ജീവിതത്തിൻ്റെ നാനാതുറകളിലുമുള്ള മനുഷ്യരുണ്ട്.അവരോടെല്ലാം സ്നേഹം.മന്ത്രി സ: ഏ.കെ.ബാലൻ ഞാൻ രോഗബാധിതനായ ശേഷം ദൈനംദിനമെന്നോണം എന്നേയും ആശുപത്രി അധികൃതരേയും വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. SFI കാലം മുതൽ സഹപ്രവർത്തകനും ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പുത്തലത്ത് ദിനേശനും ഈയിടെ കോവിഡിൻ്റെ കഠിന ദിനങ്ങളിലൂടെ കടന്നുപോയതാണ്. ദിനേശനും ഭാര്യ ഡോ. യമുനയും സ്വന്തം അനുഭവത്തെ മുൻനിർത്തി നിരന്തരം നൽകിയ ഉപദേശ നിർദ്ദേശങ്ങളും എന്നെ ഏറെ സഹായിച്ചു. എൺപത്തിയേഴാമത്തെ വയസ്സിലെ ശാരീരിക അവശതകൾക്കിടയിലും ഉത്കണ്ഠയോടെ എൻ്റെ രോഗാവസ്ഥ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്ന പ്രിയ സഖാവ് ശിവദാസമേനോൻ്റെ കരുതൽ. കോ വിഡ് മുക്തരായ എം.ഏ.ബേബിയുടേയും സി.കെ.രാജേന്ദ്രൻ്റേയും ചന്ദ്രേട്ടൻ്റേയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിരന്തര ജാഗ്രതപ്പെടുത്തലുകൾ .മറ്റനേകം നേതാക്കളുടേയും സഖാക്കളുടേയും സ്നേഹാന്വേഷണങ്ങൾ. രോഗം കടുത്ത ദിവസങ്ങളിൽ ആരോടും നേരിട്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണിന് പൂർണ്ണ നിയന്ത്രണമായിരുന്നു. എങ്കിലും വിളികളും സന്ദേശങ്ങളുമെല്ലാം ഊർജ്ജം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.

ചികിത്സക്ക് നേതൃത്വം കൊടുത്ത ഡോ. സോന ഞങ്ങൾക്കെല്ലാം അടുത്തറിയാവുന്ന ഡോക്ടറാണ് എന്നത് വലിയ ധൈര്യമായിരുന്നു. ആശുപത്രിവാസം സമ്മാനിച്ച പുതിയ സുഹൃത്താണ് ഡോ. അശ്വിൻ.അശ്വിൻ എന്നെ പുതിയ ഭക്ഷണ ശീലത്തിലേക്കു തന്നെ ഇപ്പോൾ നയിച്ചു കഴിഞ്ഞിരിക്കുന്നു.കോവിഡ് ഡ്യൂട്ടി കാരണം ഒറ്റക്ക് താമസിക്കുന്ന അശ്വിൻ വീട്ടിൽ നിന്ന് അദ്ദേഹത്തിൻ്റെ വകയായി എനിക്കു കഴിക്കാൻ സാലഡും കാട മുട്ടയും പതിവായി കൊണ്ടുവന്നു. (എൻ്റെ പതിവു ഭക്ഷണം ആശുപത്രിയിൽ നൽകുന്നതു തന്നെയായിരുന്നു.ഇത് ഡോക്ടറുടെ സ്പെഷ്യൽ) അതുപോലെ മെഡി.കോളേജിലെ എൻ്റെ സുഹൃത്തുക്കളായ ഡോ.അഭിയും ഡോ.മോഹൻദാസ് നെച്ചിക്കോട്ടിലും ജില്ലാ ആശുപത്രിയിൽ തന്നെയുള്ള ഞങ്ങളുടെ കുടുംബ സുഹൃത്ത് ഡോ: ഗീതച്ചേച്ചിയും നൽകിയ ബലവും വിലപ്പെട്ടതാണ്. ഈ ദിവസങ്ങളെ ഉണർവ്വുള്ളതാക്കാൻ കുമാർ ഗന്ധർവ്വയും ബഡേ ഗുലാം അലി ഖാനും ഹരിപ്രസാദ് ചൗരസ്യയും രബീന്ദ്രസംഗീതവും നല്ല ധാരാളം പുസ്തകങ്ങളുമെല്ലാം അയച്ചു തന്ന പ്രിയപ്പെട്ട ധാരാളം സുഹൃത്തുക്കളുണ്ട്. അവർക്കെല്ലാം സ്നേഹം.

ക്വാറൻ്റൈൻ ദിവസങ്ങളിൽ സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കി എത്തിച്ചു തരുന്ന നിനി തയുടെ അമ്മ, നിതിൻ,എല്ലാ സഹായത്തിനും വിളിപ്പുറത്തുള്ള അയൽക്കാരായ ഗോപിയേട്ടനും ജയന്തിച്ചേച്ചിയും മകൾ കാവ്യയും തൊട്ടിപ്പുറത്തുള്ള ജാൻസി ആൻറിയും സുധീറും സുധീഷുമൊക്കെ നൽകുന്ന സഹായങ്ങളും പിന്തുണയും വാക്കുകൾക്കതീതമാണ്‌.

ഞാനീ സന്ദർഭത്തിൽ സഖാക്കൾ പി.ബിജുവിനേയും എം.നാരായണനേയും ഓർക്കുന്നു. രോഗം സങ്കീർണ്ണമായപ്പോൾ അതിൻ്റെ ഗൗരവം ഉൾക്കൊണ്ട് ഉടൻ ചികിത്സ തേടാൻ എന്നെ പ്രേരിപ്പിച്ചത് അവരുടെ അപ്രതീക്ഷിത മരണങ്ങളാണ്. കോ വിഡ് അപ്രവചനീയമായ സ്വഭാവമുള്ള രോഗമാണ്. ആദ്യത്തെ ഏഴെട്ടു മാസം തികഞ്ഞ ജാഗ്രത എനിക്കുണ്ടായിരുന്നു. എന്നാൽ മറ്റൊരു ആരോഗ്യ പ്രശ്നവുമില്ലാത്ത, പൂർണ്ണ ആരോഗ്യവാനായ എന്നെ കോവിഡിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ല എന്ന തെറ്റായ ആത്മവിശ്വാസം മാസങ്ങൾ കഴിഞ്ഞപ്പോൾ എങ്ങിനെയോ വളർന്നു വന്നിരുന്നു. തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയതോടെ എൻ്റെ ജാഗ്രതയിൽ അയവുണ്ടായി. അതിൻ്റെ പ്രത്യാഘാതമായിരുന്നു കോവിഡും ന്യൂമോണിയയും ബാധിച്ചത്.അതുകൊണ്ട് ഇതുവരെ രോഗം വരാത്തവർ ഇനി വരാതിരിക്കാൻ നിതാന്ത ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കട്ടെ. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് രംഗത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രവർത്തകരും സ്ഥാനാർത്ഥികളും. രോഗം ബാധിച്ചാൽ ഉദാസീനതയരുത്. ആവശ്യമെങ്കിൽ ചികിത്സ തേടാനും രോഗമുക്തി വന്നാൽ മതിയായ വിശ്രമം ഉറപ്പാക്കാനും വീഴ്ച വരുത്തരുത്. അതിനു വേണ്ടി അല്പ ദിവസം മാറി നിന്നാൽ ആകാശം ഇടിഞ്ഞു വീഴില്ല. അതു കൊണ്ട് ശ്രദ്ധയും ജാഗ്രതയും പുലർത്തുക. വീണ്ടും പറയട്ടെ കോവിഡ്- 19 നിസ്സാരമായി കാണരുത്.

Back to top button
error: