തിരുവനന്തപുരം: ഇടതു സഹയാത്രികന് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. രണ്ട് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തിരുവനന്തപുരം പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പിയുടെ റിപ്പോര്‍ട്ട്. തെളിവ് ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും ഇവര്‍ വരുത്തിയ വീഴ്ച അന്വേഷണം വൈകാന്‍ ഇടയാക്കിയെന്നാണു കുറ്റപ്പെടുത്തല്‍.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയത്. പൂജപ്പുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കന്റോണ്‍മെന്റിലെയും കണ്ട്രോള് റൂമിലെയും എസിപിമാരുടെ നേതൃത്വത്തിലാണ് ആദ്യം അന്വേഷിച്ചത്. എന്നാലിവര്‍ അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തി. ആശ്രമത്തിനു പരിസരത്തെ സിസി ടിവി ദൃശ്യങ്ങളില്‍ പലതും നഷ്ടപ്പെടുത്തി. ഒട്ടേറെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും അതൊന്നും കേസ് ഡയറിയില്‍ ഉള്‍ക്കൊള്ളിച്ചില്ല. തീ കത്തിയ ദിവസം ആശ്രമത്തില്‍നിന്നു കണ്ടെടുത്ത റീത്തിനൊപ്പമുണ്ടായിരുന്ന കുറിപ്പ് കയ്യക്ഷര പരിശോധന ഉള്‍പ്പെടെയുള്ള തുടര്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കിയില്ല തുടങ്ങിയവയാണ് പ്രധാന കുറ്റപ്പെടുത്തലുകള്‍.
കേസിലെ പ്രതികളിലേക്കെത്താന്‍ നിര്‍ണായകമായത് ഒന്നാം പ്രതിയായ പ്രകാശന്റെ ആത്മഹത്യയും സഹോദരന് പ്രശാന്തിന്റെ വെളിപ്പെടുത്തലുമായിരുന്നു. എന്നാല്‍, പ്രകാശന്റെ മരണത്തേക്കുറിച്ചുള്ള പരാതി ലഭിച്ചിട്ടും വിളപ്പില്‍ശാല പോലീസ് അതു ഗൗരവത്തില്‍ അന്വേഷിച്ചില്ലന്നും റിപ്പോര്‍ട്ടിലുണ്ട്. വീഴ്ചകള്‍ കാരണമാണു പ്രതികളെ പിടികൂടാന്‍ നാലര വര്‍ഷം വരെ വേണ്ടിവന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവിക്കും ഡിജിപിക്കും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റിലായിരുന്നു.