സത്യനും ശാരദയും നിറഞ്ഞാടിയ കുഞ്ചാക്കോയുടെ ‘ജയിൽ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 57 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ജയിൽ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 57 വർഷം. 1966 മേയ് 14 നാണ് സിനിമ റിലീസ് ചെയ്തത്. നിരപരാധിയായ ഒരു മനുഷ്യൻ തെറ്റിദ്ധരിക്കപ്പെട്ട് കുറ്റവാളിയാവുന്നതും സാഹചര്യങ്ങൾ അയാളെ പിന്നീട് കുറ്റവാളിയാക്കി മാറ്റുന്നതുമാണ് കഥ. തോപ്പിൽ ഭാസിയുടെ രചന. വയലാർ-ദേവരാജൻ ഗാനങ്ങളിൽ ‘കാറ്ററിയില്ല കടലറിയില്ല’, ‘മുന്നിൽ മൂകമാം ചക്രവാളം’ എന്നിവ അനശ്വരങ്ങളായി. ‘ഇത് എന്റെ ജയിൽജീവിതത്തിന്റെ കഥയല്ല’ എന്നായിരുന്നു നിർമ്മാതാവ് കൂടിയായ കുഞ്ചാക്കോയുടെ പരസ്യം.
ജോലി തേടി നാട് വിട്ട് പോയ വിശ്വൻ (സത്യൻ) നിരാശനായി മടങ്ങുമ്പോൾ പോക്കറ്റടിക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് അറസ്റ്റിലാവുന്നു. നാട്ടിൽ വിശ്വന്റെ സഹോദരിയുടെ (ശാരദ) വിവാഹം ഇത് മൂലം മുടങ്ങി. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വനെ നാടും സ്വീകരിച്ചില്ല. ഇതോടെ അയാൾ കള്ളനോട്ടടി സംഘത്തിൽ ചേർന്നു. മദ്യവും മങ്കമാരുമായി ജീവിതം ആഘോഷിക്കവേ ഒരു നാൾ മുന്നിൽ വന്നു പെട്ട ഇര സ്വന്തം സഹോദരിയായിരുന്നു. അയാൾ അവളെ കൊന്ന് മൈസൂരിലേയ്ക്ക് കടന്നു.
മൈസൂരിലെത്തിയ പോലീസ് വിശ്വന്റെ കൂട്ടാളിയായ ലതയെ (രാജശ്രീ എന്ന ഗ്രേസി) അറസ്റ്റ് ചെയ്തു. അതറിഞ്ഞ് വിശ്വൻ പ്രത്യക്ഷപ്പെട്ടു. വീണ്ടും ജയിലിൽ. അവിടെ മരണം.
ഉദയായുടെ 35-മത് ചിത്രമായിരുന്നു ‘ജയിൽ’. ‘ദൈവപുത്രന്മാരായി ജനിക്കുന്ന മനുഷ്യരെ കാലം യൂദാസുമാരാക്കി മാറ്റും’ എന്നായിരുന്നു മറ്റൊരു പരസ്യവാചകം. കുഞ്ചാക്കോയുടെ തന്നെ ‘കാട്ടുതുളസി’യിൽ അഭിനയിച്ച ആന്ധ്രക്കാരിയായ ശാരദയ്ക്ക് കുഞ്ചാക്കോ റാഹേൽ എന്ന പേര് നൽകിയെങ്കിലും അത് സ്ഥിരമായില്ല. ശാരദ പക്ഷെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി.