കോട്ടയം: മകളുടെ മരണത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഡോ. വന്ദനയുടെ പിതാവ് മോഹന്‍ദാസ്. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നു, അതൊന്നും സഹിക്കാനാകുന്നില്ല. പോലീസിന് ഒരു കസേരയെടുത്ത് ആക്രമിയെ അടിക്കാമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പോലീസെന്നും മോഹന്‍ദാസ് ചോദിച്ചു. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വന്ദയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
”എന്റെ മകള്‍ ഒരു പാവമായിരുന്നു. ഭരിക്കുന്നവരൊക്കെ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഏത് പാര്‍ട്ടിയായാലും സാധാരണക്കാരായ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് എന്തിനാണ്. ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്. സുരക്ഷയില്ലാതെ ഇവിടെ ജീവിക്കാനാകില്ല. ആരോടും പരാതിയില്ല.” -മോഹന്‍ദാസ് പറഞ്ഞു.
അതേസമയം, പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സമരം പൂര്‍ണമായി പിന്‍വലിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ മാനിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ ഹൗസ് സര്‍ജന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക, ആഴ്ചയില്‍ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.
വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേരെ മാത്രമേ അനുവദിക്കൂ. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡിഎംഇ സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.