കണ്ണൂർ: പിടിതരാതെ മാറിനിന്ന വേനൽമഴ ഒടുവിൽ ജില്ലയിൽ നാശം വിതച്ചുകൊണ്ട് തിമിർത്താടി.മലയോര മേഖലയിൽ വേനൽ മഴയ്ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി രണ്ട് വീട് പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു.നിരവധി കർഷകരുടെ കാർഷിക വിളകൾക്കും കനത്ത നാശം നേരിട്ടു.ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ടിലെ ബീന ചെടിയാരത്തിന്റെ വീടാണ് മരം വീണ് പൂർണ്ണമായും തകർന്നത്.വീടിന് സമീപത്തെ തൊഴുത്തും പൂർണ്ണമായും നശിച്ചു.അപകട സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല.കുടിവെള്ള ക്ഷാമം മൂലം കുടുംബം കുറച്ചു ദിവസമായി ബന്ധുവീട്ടിൽ മാറി താമസിക്കുന്നതിനാലാണ് വൻ അപകടം ഒഴിവായത്.ആറളം നെടുമുണ്ടയിലെ പാലികുഴുപ്പിൽ ജെസ്റ്റിൻ തോമസിന്റെ നിർമ്മാണത്തിലിരിക്കു ന്ന വീടും മരം വീണ് തകർന്നു.
അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി വളയംകോട് പാട്രിക്ക് ഫെർണ്ണാണ്ടസിന്റെ വീടിന്റെ മേൽക്കൂര മരം വീണ് ഭാഗികമായി തകർന്നു. അയൽ പറമ്പിലെ തെങ്ങ് കടപുഴകി മേൽക്കൂരയ്ക്ക് മുകളിൽ പതിക്കുകയായിരുന്നു.നെടുമുണ്ടയി ലെ രാധ കാട്ടിലിന്റെ വീട് പൂർണ്ണമായും തകർന്നു.
അയ്യൻകുന്നിലെ കുന്നത്ത്മാക്കൽ ട്വിങ്കിൽ മാത്യുവിന്റെ വീട് മരം വീണ് മേൽകൂരയും സിറ്റൗട്ടും തകർന്നു. അപകട സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല.നെടുമുണ്ട മേയിക്കൽ ഹൗസിൽ രൂപേഷ് മാത്യുവിന്റെ രണ്ട് ഏക്കർ സ്ഥലത്തെ റബർ തോട്ടത്തിൽ നിന്നും 30തോളം റബർ മരങ്ങൾ കാറ്റിൽ നിലംപൊത്തി.
വലിയ പറമ്പിൽ യേശുദാസിന്റെ ടാപ്പിംങ്ങ് ചെയ്യുന്ന പതിനഞ്ചോളം റബർ മരങ്ങളും നിലം പൊത്തി. മേഖലയിൽ നിരവധി പേരുടെ തെങ്ങ്, വാഴ, കശുമാവ്, കമുങ്ങ് എന്നിവയ്ക്കും നാശം നേരിട്ടിട്ടുണ്ട്.