ഇടുക്കി: പോലീസ്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എം.എം.മണി എംഎല്‍എ. നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥര്‍ക്കു നാടിനോടു കൂറില്ലെന്നും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരെ കണ്ടു പഠിക്കണമെന്നും മണി പറഞ്ഞു. കമ്പംമെട്ടില്‍ വനം വകുപ്പിന്റെ സംയോജിത ചെക്‌പോസ്റ്റ് ഉദ്ഘാടനച്ചടങ്ങിലാണ് എംഎല്‍എയുടെ വിമര്‍ശനം.
”കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ഒരു കരിയില അനങ്ങിയാല്‍ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ എത്തും. എന്നാല്‍, നമ്മുടെ ഉദ്യോഗസ്ഥര്‍ യാതൊരു കൂറുമില്ലാത്ത ഒരു സൈസ് ആളുകളാണ്.
തമിഴ്‌നാട്ടിലെ പോലീസും വനം വകുപ്പും റവന്യു ഉദ്യോഗസ്ഥരും ആ നാടിനോടു കാണിക്കുന്ന കൂറ് ഇവിടത്തെ ഉദ്യോഗസ്ഥരും കാക്കിധാരികളും കണ്ടു പഠിക്കണം. അവര്‍ക്കു ദക്ഷിണ വയ്ക്കണം. നിലപാടു മാറ്റിയില്ലെങ്കില്‍ അതിര്‍ത്തി ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കു സ്ഥലം മാറ്റണം. എന്നിട്ട് പണി ചെയ്യുന്നവരെ നിയമിക്കണം”- മണി പറഞ്ഞു.