കാസർകോട്:വനംവകുപ്പ് ഭൂമി വിട്ടുകൊടുത്തിട്ടും കാട്ടിനുള്ളിലൂടെയുള്ള മലയോര ഹൈവേയുടെ നിര്‍മ്മാണം തുടങ്ങാതെ അധികൃതര്‍.
ഇടപ്പറമ്ബ്-കോളിച്ചാല്‍, കോളിച്ചാല്‍-ചെറുപുഴ റീച്ചുകളില്‍ വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളുടെ നിര്‍മ്മാണമാണ് വൈകുന്നത്. കോളിച്ചാല്‍ മുതല്‍ പതിനെട്ടാം മൈല്‍ മരുതോം വഴി ബളാല്‍ പഞ്ചായത്തിലേക്ക് ഇറങ്ങുന്ന വനപാതയില്‍ മരുതോം ഭാഗത്താണ് റോഡ് നിര്‍മ്മാണം പൂര്‍ണ്ണമായും മുടങ്ങി കിടക്കുന്നത്.
റോഡ് വികസനത്തിന് ഭൂമി വിട്ടു നൽകുന്നില്ലെന്ന നാട്ടുകാരുടെ മുറവിളിക്കൊടുവിൽ വനംവകുപ്പ് തന്നെ മരങ്ങള്‍ മുറിച്ചുമാറ്റി പൊതുമരാമത്ത് വകുപ്പിന് ഭൂമി വിട്ടുനല്‍കുകയായിരുന്നു.ഇപ്പോൾ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും മലയോര ഹൈവേ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ തന്നെയാണുള്ളത്.
കോളിച്ചാല്‍-ചിറ്റാരിക്കാല്‍ ചെറുപുഴ റീച്ചില്‍ കാറ്റാംകവല, മരുതോം ഭാഗങ്ങളിലും ഇടപ്പറമ്ബ്കോളിച്ചാല്‍ റീച്ചില്‍ ബേത്തൂര്‍പാറ, പാണ്ടി, പള്ളഞ്ചി ഭാഗങ്ങളിലുമെല്ലാം റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മലയോര ഹൈവേയുടെ ഭാഗമായി വിട്ടുനല്‍കിയതിനാല്‍ ഇവയുടെ അറ്റകുറ്റപണികള്‍ക്ക് ബന്ധപ്പെട്ട പഞ്ചായത്തുകളും ഫണ്ട് വകയിരുത്തുന്നില്ല. മിക്ക റോഡുകളിലും ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ളതിനാല്‍ അപകട സാദ്ധ്യതയും ഏറുകയാണ്. മഴക്കാലം തുടങ്ങിയാല്‍ അപകടകരമായ യാത്രയാണ് ഇവിടങ്ങളില്‍ കാത്തിരിക്കുന്നത്.