ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിച്ചുകൊണ്ട് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതാണ് ഇവ വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രധാന കാരണം. ശക്തമായ നിയമനിര്‍മാണത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സർക്കാരിന്റെയും തൊഴിലുടമകളുടെയും ബാധ്യതയാണ്. ഭാവി സമരപരിപാടികള്‍ കേന്ദ്രകമിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ച് നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോ വി സുരേഷ്, സെക്രടറി ഡോ. രാജ്‌മോഹന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ സുല്‍ഫികര്‍ അലി എന്നിവര്‍ അറിയിച്ചു.
അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ നടത്തിവന്ന പ്രതിഷേധം വ്യാഴാഴ്ചയും തുടരും.ഡോക്ടേഴ്‌സുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം.
സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.