പത്തനംതിട്ട: പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും എങ്ങുമെത്താതെ കൊല്ലം-ദിണ്ടിഗല്‍ (183), ഭരണിക്കാവ്-മുണ്ടക്കയം (183 എ) ദേശീയ പാതകൾ.
കൊല്ലത്തു നിന്നു തുടങ്ങി അഞ്ചാലുമൂട്, കുണ്ടറ, ഭരണിക്കാവ്, ചാരുമൂട്, കൊല്ലക്കടവ് വഴി ചെങ്ങന്നൂരിലെത്തി അവിടെ നിന്ന് എംസി റോഡിലൂടെ കോട്ടയം വരെയും പിന്നീട് കെകെ റോഡ് വഴി കുമളിയെത്തി കമ്ബം, തേനി വഴി ദിണ്ടിഗല്‍ വരെ എത്തുന്നതാണ് ദേശീയപാത 183. എന്‍എച്ച് 66ല്‍ ചവറ ടൈറ്റാനിയം ജംക്‌ഷനില്‍ നിന്നു തിരിഞ്ഞു ശാസ്താംകോട്ട, ഭരണിക്കാവ്, അടൂര്‍, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, മണ്ണാറകുളഞ്ഞി, വടശേരിക്കര, പ്ലാപ്പള്ളി വഴി വണ്ടിപ്പെരിയാറില്‍ ദേശീയപാത 183ല്‍ ചേരുന്നതാണു 183എ.
2018-ൽ പ്രഖ്യാപിച്ച പദ്ധതികളാണിത്.രണ്ടു പദ്ധതികളുടേയും അലൈൻമെന്റ് അംഗീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാനുള്ള ചെലവിൽ 25 ശതമാനം പങ്കിടാമെന്നു സമ്മതം അറിയിച്ചിട്ടുള്ള പദ്ധതികളുടെ കൂട്ടത്തിൽ എൻഎച്ച് 183 ഉണ്ടെങ്കിലും എൻഎച്ച് 183 എ ഉൾപ്പെടുന്നില്ല.ഈ പാതയുടെ നിർമാണ ചെലവു പൂർണമായും കേന്ദ്രം ഏറ്റെടുക്കുമോയെന്നതിന് ഇനിയും വ്യക്തതയില്ല.കൊല്ലത്തെ ഇടുക്കിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ശബരിമല തീരത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.
എൻഎച്ച് 66 കന്യാകുമാരി–പനവേൽ ദേശീയ പാത 6 വരിയാക്കുന്ന പണികൾ കേരളത്തിൽ പുരോഗമിക്കുകയാണ്. കൂടാതെ പാലക്കാട്–കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ, കൊല്ലം–ചെങ്കോട്ട പാത വികസനം, തിരുവനന്തപുരം ഒൗട്ടർ റിങ് റോഡ് പദ്ധതി, കൊച്ചി–തേനി ദേശീയ പാത തുടങ്ങിയ വിവിധ പദ്ധതികളിൽ കാര്യമായ പുരോഗതിയുണ്ടെങ്കിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദേശീയപാത പദ്ധതികൾക്ക് അനക്കമില്ല.
പാതയുടെ അലൈൻമെന്റ് നിശ്ചയിച്ചത് ഇന്ത്യൻ ഹൈവേ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പാതയുടെ നിർമാണം ആരംഭിക്കാനാകുമെന്നുമാണ് പത്തനംതിട്ട എംപി ആന്റോ ആന്റണിക്ക് ഇതേക്കുറിച്ച് പറയാനുള്ളത്.