ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാക്ക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം.
Rangers abducted PTI Chairman Imran Khan, these are the visuals. Pakistan’s brave people must come out and defend their country. pic.twitter.com/hJwG42hsE4
— PTI (@PTIofficial) May 9, 2023
തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാന്‍ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടര്‍ന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയില്‍നിന്നു വിലയേറിയ സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റു എന്നതാണ് തോഷഖാന കേസ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ വീട് യുദ്ധക്കളമായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 7ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാറന്റ് റദ്ദാക്കണമെന്ന് ഹര്‍ജി നല്‍കിയെങ്കിലും 13ന് മുന്‍പ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇമ്രാന്‍ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.