IndiaNEWS

ഗെലോട്ടിന്റെ നേതാവ് സോണിയയല്ല, വസുന്ധര; തീരുമാനിച്ചുറപ്പിച്ച് സച്ചിന്‍?

ജയ്പുര്‍: ഈ വര്‍ഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പോര്‍മുഖം തുറന്ന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗെലോട്ടിന്റെ നേതാവെന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. വസുന്ധരയും ഗെലോട്ടും തമ്മില്‍ രാഷ്ട്രീയ അന്തര്‍ധാര സജീവമാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ആരോപണവുമായി സച്ചിന്‍ രംഗത്തെത്തിയത്.

2020ല്‍ കുറച്ചു എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് തന്റെ സര്‍ക്കാരിനെ വെല്ലുവിളിച്ചപ്പോള്‍ വസുന്ധര രാജെയാണു സഹായിച്ചതെന്നു കഴിഞ്ഞ ദിവസം ഗെലോട്ട് വെളിപ്പെടുത്തിയിരുന്നു. ”ഇക്കാര്യം കേട്ടതോടെയാണ് ഗെലോട്ടിന്റെ നേതാവ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയല്ലെന്നും വസുന്ധരയാണെന്നും എനിക്ക് തോന്നിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പറയുന്നു, സര്‍ക്കാരിനെ രക്ഷിച്ചത് ബിജെപി നേതാവാണെന്ന്. ഈ വൈരുധ്യം ഗെലോട്ട് വിശദീകരിക്കണം” മാധ്യമങ്ങളോടു സച്ചിന്‍ പറഞ്ഞു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതികള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും സച്ചിന്‍ ചോദിക്കുന്നു.

Signature-ad

സംസ്ഥാനത്തെ അഴിമതിക്കെതിരേ ഈ മാസം 11 ന് അജ്മീറില്‍നിന്ന് ജയ്പുരിലേക്ക് ‘ജന്‍സംഘര്‍ഷ്’ പദയാത്ര നടത്തുമെന്നും സച്ചിന്‍ പ്രഖ്യാപിച്ചു. യുവാക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും യാത്രയില്‍ ഉയര്‍ത്തും. അഴിമതിക്കെതിരേ ഗെലോട്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണു സച്ചിന്‍ യാത്രയ്ക്കിറങ്ങുന്നത്. 2020ല്‍ സച്ചിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഗെലോട്ട് കടന്നാക്രമിച്ചിരുന്നു. ഇതിനു മറുപടി നല്‍കാന്‍ ജയ്പുരില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സച്ചിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

Back to top button
error: