BusinessTRENDING

700 ലധികം ജീവനക്കാരെ പിരിച്ചുവിടാൻ ലിങ്ക്ഡ്ഇൻ

ദില്ലി: ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ലിങ്ക്ഡ്ഇൻ. ഉദ്യോഗാർത്ഥികളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇൻ  716 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. അധികച്ചെലവ് കുറച്ച് കമ്പനി കൂടുതൽ കാര്യക്ഷമമാക്കാൻ ആണ് പിരിച്ചുവിടലുകൾ എന്നാണ് സൂചന. ലിങ്ക്ഡ്ഇൻ നടത്തുന്ന രണ്ടാംഘട്ട പിരിച്ചുവിടലാണ് ഇത്.

ജോലി തേടുന്നവർക്ക് ഒരാശ്വാസമാണ് ലിങ്ക്ഡ്ഇൻ. പുതിയ ജോലികൾ കണ്ടെത്തുന്നതിനും റിക്രൂട്ടർമാരുമായി കണക്റ്റുചെയ്യാനും ഉപയോക്താക്കളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഫെബ്രുവരിയിൽ നടത്തിയ ആദ്യ റൗണ്ട് പിരിച്ചുവിടലുകൾ പ്രധാനമായും ബാധിച്ചത് റിക്രൂട്ടിംഗ് ടീമിനെയാണ്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള  ലിങ്ക്ഡ്ഇനിൽ ഏകദേശം 20,000 ജീവനക്കാരുണ്ട്. കഴിഞ്ഞ രണ്ട് പാദങ്ങളായി വരുമാനം വർധിച്ചിട്ടും തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചത്  ശ്രദ്ധേയമാണ്.

ചൈന കേന്ദ്രീകരിച്ചുള്ള ഇൻകരിയർ എന്ന ആപ്പ് ലിങ്ക്ഡ്ഇൻ അടച്ചുപൂട്ടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2023 ഓഗസ്റ്റ് 9 വരെ ആപ്പ് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ മെയിൻലാൻഡ് പ്രൊഫഷണലുകളെ ജോലി കണ്ടെത്തുന്നതിനും കമ്പനികൾ ചൈനയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിന് 2021 ഡിസംബറിൽ ആണ് ലിങ്ക്ഡ്ഇൻ ഇൻകരിയർ ആപ്പ് ആരംഭിച്ചത്. ഐഒഎസിലും ആൻഡ്രോയിഡിലും ഇത് സൗജന്യമായി ലഭ്യമായിരുന്നു. ഹോളോലെൻസ്, എക്‌സ്‌ബോക്‌സ് തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളും ജോലികൾ വെട്ടിക്കുറയ്ക്കുന്നതായാണ് സൂചന.

Back to top button
error: