രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ എം എ ബേബി
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാംപസിന് എംഎസ് ഗോള്‍വക്കറിന്റെ പേര് നല്‍കുന്നതിനെതിരെ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഗോൾവള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര മോഡിസർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
കേരള സമൂഹത്തിൽ ഇതിൻറെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം.
ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ എസ് എസ് മേധാവി.
1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർ എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർ എസ് എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർ എസ് എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർ എസ് എസ് മേധാവിയുടെ കീഴിലായിരുന്നു – എംഎ ബേബി ആരോപിക്കുന്നു.