സർക്കാർ വഴങ്ങുന്നു,കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചേക്കും

കർഷകരുടെ ആവശ്യം മുൻനിർത്തി കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ ആലോചിക്കുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കർഷകരുടെ” ന്യായമായ” ആവശ്യങ്ങൾ അംഗീകരിക്കാം എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.

കർഷകരുടെ മൂന്നോ നാലോ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതാകും ഭേദഗതി എന്നാണ് സൂചന. താങ്ങുവില, വില ഉറപ്പിക്കൽ പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആയിരിക്കും ഭേദഗതി. കാർഷിക കരാറുകൾ സംബന്ധിച്ച തർക്കം സബ് ഡിവിഷനിൽ കോടതികളിൽനിന്ന് സിവിൽ കോടതികളിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. സർക്കാരിതര വിപണിയിൽ ഇടപാട് നടത്തുന്ന സ്വകാര്യ കമ്പനികൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും സർക്കാർ കൊണ്ടുവരും.

ഭേദഗതി വരുത്തുന്ന നിയമങ്ങൾ പാർലമെന്റിൽ പാസാകുമെന്ന് തന്നെയാണ് സർക്കാർ കരുതുന്നത്. പാർലമെന്റിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് സർക്കാർ മുന്നോട്ടു പോയാൽ കർഷക പ്രക്ഷോഭത്തിന് തീവ്രത കുറയുമെന്നാണ് സർക്കാർ വൃത്തങ്ങൾ കരുതുന്നത്.

അതേസമയം ചർച്ചക്ക് എത്തിയ കർഷക സംഘടനാ പ്രതിനിധികൾ ഇന്നും കേന്ദ്ര സർക്കാരിന്റെ ഭക്ഷണം സ്വീകരിച്ചില്ല. സമരക്കാർ എത്തിച്ചു കൊടുത്ത പ്രത്യേക ഭക്ഷണമാണ് കർഷക സംഘടനാ പ്രതിനിധികൾ കഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *