23-ാം വയസ്സില്‍ 20 കോടി തട്ടിയ യുവാവിന്റെ കഥ
23 വയസ്സിനിടെ വീസ തട്ടിപ്പ് നടത്തി കേരളത്തില്‍ നിന്നുമാത്രം 20 കോടി രൂപയിലേറെ തട്ടിയെടുത്തു. കുരുക്ക് മുറുകുന്നതറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. ഇങ്ങനെ നീളുന്നു മാവേലിക്കര വളളികുന്നം സ്വദേശി ശരത് ചന്ദന്‍ എന്ന യുവാവിന്റെ കഥ.
പതിനേഴാം വയസ്സില്‍ പഠിപ്പിക്കാന്‍ അമ്മ ബെംഗളൂരു കൊണ്ടാക്കിയത് മുതലാണ് ശരത് തട്ടിപ്പ് തുടങ്ങിയത്. അവിടെ വെച്ച് അരുണ്‍ കുര്യന്‍ എന്ന യുവാവിനെ പരിചയപ്പെട്ടതോടെ ശരത്തിന്റെ ജീവിതം മറ്റൊരു വഴിത്തിരിവിലായി. പിന്നീട് ഇരുവരും ചേര്‍ന്ന് തട്ടിപ്പുകള്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. പണം ഏറെ ചെലവാക്കിയത് വിദേശ യാത്രയ്ക്കും ആഢംബര ജീവിതിത്തിനും. തട്ടിപ്പിലൂടെ പണം വന്നതോടെ ചെന്നൈയിലും കുടകിലും ഫാമുകള്‍, ആലപ്പുഴയിലെ വളളികുന്നത്ത് ഒരു കോടിയിലേറെ മുടക്കി നിര്‍മ്മിച്ച വീട്. സ്വന്തം അക്കൗണ്ടിലെത്തിയ പണം അധികവും അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിതാവ് വിദേശത്തും അമ്മയ്ക്ക് അവിടെ തുണിക്കടയും പിന്നെ എന്തുവേണം ശരത്തിന്. തട്ടിപ്പിന് അമ്മയും കൂട്ടുനിന്നതോടെ നാട്ടില്‍ നിരവധിപ്പേരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശരത്തിന് സാധിച്ചു. തട്ടിപ്പ് വെളിവായതോടെ നാട്ടിലെ വീടും തുണിക്കടയും മറ്റാരെയോ ഏല്‍പ്പിച്ച് മാറി നിന്നു.
ശരത് ചന്ദനെതിരെ മൂവാറ്റുപുഴ സ്വദേശി പോലീസില്‍ പാരതിപ്പെട്ടതോടെയാണ് ഒരു വന്‍തട്ടിപ്പിന്റെ വിവരം പുറംലോകമറിഞ്ഞത്. ഈ തട്ടിപ്പില്‍ ജോബിക്ക് നല്‍കാനുളളത് 1,74,92,000 രൂപ. പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ എം.എ മുഹമ്മദിന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ സമയോചിത ഇടപെടലാണ് പ്രതിയെ കുരുക്കിയത്.
ട്രാവല്‍സ് ഓഫീസില്‍ ജോലി ചെയ്തിരുന്ന ജോബിയുടെ അടുത്തേക്ക് ശരത്ചന്ദ്രന്റെ സുഹൃത്ത് അരുണ്‍ മലേഷ്യയിലേക്ക് ഒരു പറ്റം ആളുകള്‍ക്ക് ടിക്കറ്റെടുക്കാന്‍ വന്നപ്പോള്‍ മുതലാണ് ജോബിയുടെ ദുരിതം ആരംഭിക്കുന്നത്. അരുണ്‍ വഴി ശരത്തിനെ പരിചയപ്പെട്ടു. താല്‍പ്പര്യമുളളവര്‍ക്ക് തായ്‌ലന്‍ഡില്‍ മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്തു. തന്റെ സുഹൃത്തുക്കള്‍ക്കും സഹായമാവട്ടെ എന്ന് കരുതി ജോബി തന്റെ സുഹൃത്തുക്കള്‍ക്കും വിസ വേണമെന്ന് പഞ്ഞു. അങ്ങനെ ജോബി ഉള്‍പ്പെടെ 28 പേരുടെ വിസ വന്നു. അങ്ങനെ അവിടെ എത്തിയപ്പോഴാ ജോലിയും ഇല്ല കൂലിയുമില്ല. ഇതോടെ മലേഷ്യയിലെ ഒരു കാര്‍ കമ്പനിയില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്നായി. പിന്നീടാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. 100 ദിവസത്തിലേറെ അവിടെ കുടുങ്ങിക്കിടന്നു. തിരികെ പോരാന്‍ പണമില്ലായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ തന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനാല്‍ അവരുടെ ബാധ്യതയും ജോബിയുടെ തലയിലായി. അങ്ങനെ നാട്ടിലെ സ്ഥലവും ഭാര്യയുടേയും അമ്മയുടേയും സ്വര്‍ണവും വില്‍ക്കേണ്ടി വന്നു. അങ്ങനെ താന്‍ നാട്ടിലെത്തിയെന്ന് ജോബി പറയുന്നു.
തട്ടിപ്പിനിരയായവര്‍ എപ്പോഴും വീട്ടില്‍ വന്ന് വഴക്കുണ്ടാക്കുന്നു. ഇപ്പോള്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഒരു ചരക്കുവാഹനം വാടകയ്‌ക്കെടുത്ത് ഓടിക്കുകയാണ് ജോബി.നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കി വസ്തുതകള്‍ ബോധ്യപ്പെടുത്തിയതോടെ തുടര്‍ നടപടികളുമായി പൊലീസ് മുന്നോട്ടു പോയതാണ് പ്രതിയെ കുടുക്കിയത്. ലുക്കൗട്ട് നോട്ടിസ് ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ ശരത് ചന്ദ്രനെ തടഞ്ഞു വച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു.