
ഇടുക്കി: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസമേഖലയായ മേഘമലയില്‍ ഇന്നലെ വൈകിട്ട് വിഹരിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്.
അതേസമയം, മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന് തമിഴ്‌നാട്ടിലെ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തതിന്റെ റിപ്പോര്‍ട്ടും ഫോട്ടോയുമാണ് പത്രത്തില്‍ വന്നത്. മേഘമലയ്ക്കു താഴെ ലയം പോലെയുള്ള ഒരു കോളനിയുണ്ട്. രാത്രിയില്‍ ഒരു ആന അവിടെ നാശം വിതച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍, അരിക്കൊമ്പന്റെ ആക്രമണമാണോ ഇതെന്നു വ്യക്തമല്ല.
തമിഴ്‌നാട് വനംവകുപ്പും കേരള വനംവകുപ്പും അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നുണ്ട്. മേഘമലയ്ക്കു സമീപം മണലാര്‍ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസവും അരിക്കൊമ്പനെ കണ്ടിരുന്നു. പിന്നീട് ഇവിടെനിന്ന് ആനയെ ഓടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം, അരിക്കൊമ്പനില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ അനുസരിച്ച് കേരളത്തിലെ പെരിയാര്‍ റേഞ്ചിലേക്ക് ആന എത്തിയിട്ടുണ്ട്. നാലു ദിവസം കൊണ്ട് 40 കിലോമീറ്ററാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.






