CrimeNEWS

ലഹരിക്ക് പാക്കപ്പ്’ : സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പരമ്പരയുമായി ഏഷ്യാനെറ്റ് ന്യൂസ്

 

നടൻമാരായ ഷെയ്ൻ നിഗം, ശ്രീനാഥ്‌ ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ പ്രഖ്യാപനത്തോടെ മലയാള സിനിമാ രംഗത്തെ ലഹരിമരുന്ന് ഉപയോഗം വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മലയാള സിനിമയെ ഏറെക്കാലമായി പിന്തുടരുന്ന ലഹരി മരുന്ന് വിവാദത്തിന്റെ നേർ സത്യങ്ങൾ തുറന്ന് കാണിക്കാൻ ശ്രമിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണ പരമ്പര ‘ലഹരിക്ക് പാക്കപ്പ്’.

Signature-ad

മുൻപ് സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് ആരോപണമുയർന്നപ്പോൾ കർശന നടപടിയുണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കായെന്ന് പരമ്പരയുടെ ആദ്യ എപ്പിസോഡ് ചൂണ്ടിക്കാണിക്കുന്നു.

ലഹരി ഉപയോഗം സംബന്ധിച്ച വ്യക്തമായ തെളിവുകൾ സർക്കാരിന് കൈമാറാൻ സിനിമാ സംഘടനകൾ തയാറാകണമെന്ന് 2019ൽ ഒന്നാം പിണറായി സർക്കാരിലെ സിനിമാ വകുപ്പ് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ആരോപണങ്ങളിൽ അന്വേഷണം നടത്തുകയോ സെറ്റുകളിൽ പരിശോധന നടത്തുകയോ ചെയ്യാൻ സർക്കാരും എക്സൈസ് വകുപ്പും തയാറായിട്ടില്ല എന്നതും വിഷയത്തിലെ സർക്കാരിന്റെ മെല്ലെപ്പോക്ക് നയം വ്യക്തമാക്കുന്നതാണ്. ഏതാനും താരങ്ങൾ ലഹരി ഉപയോഗിക്കുന്നു എന്ന നിർമ്മാതാക്കളുടെ സംഘടന വാക്കാൽ വെളിപ്പെടുത്തിയിട്ടും സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ലന്നതും പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പരമ്പര വ്യക്തമാക്കുന്നു.

അതേസമയം ഏതാനും യുവനടന്മാരുടെ ലഹരി ഉപയോഗത്തെ സെറ്റിലെ അച്ചടക്കമില്ലായ്മക്കൊപ്പം തുന്നിച്ചേർത്തു കൊണ്ടുള്ള ‘പൊങ്ങു തടിപോലുള്ള’ ആരോപണം മാത്രമാണ് നിർമ്മാതാക്കളുടെ സംഘടന നടത്തിയിരിക്കുന്നത്. അതിനപ്പുറം തങ്ങളുടെ കണ്മുന്നിൽ നടക്കുന്ന ലഹരി ഉപയോഗത്തെ സാമൂഹിക ഉത്തരവാദിത്തമായി കണ്ടുകൊണ്ട് രേഖാമൂലം പരാതി നൽകാൻ നിർമ്മാതാക്കൾ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. താരങ്ങളുടെ അച്ചടക്കത്തിൽ ലഹരിക്കുള്ള പങ്കിനെപ്പറ്റി മാത്രം ആകുലപ്പെടുന്ന നിമ്മാതാക്കളും താര സാംഘടനയുമൊക്കെ അപകടകരമായ മൗനമാണ് പിന്തുടരുന്നത്.

കേവലം രണ്ട് നടന്മാരെ വിലക്കുന്നതിലൂടെ മലയാള സിനിമയിലെ മയക്കുമരുന്ന് ഉപയോഗം കുറക്കാമെന്നത് സർക്കാർ സംവിധാനങ്ങളുടെ ‘ആമ ഗിയർ’ വേഗതയും കൂടി ചേരുമ്പോൾ സമ്പൂർണ അട്ടിമറിയും പരാജയവുമാകും ഉണ്ടാകുന്നത്. ഇതിൽ നിന്നും വിഭിന്നമായി വിഷയത്തിലെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ട് സത്വര നടപടിയാണ് സർക്കാരിന്റെയും സിനിമാ സംഘടനകളുടെയും ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്.

Back to top button
error: