പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പ് ഒറ്റപ്പാലം പാലപ്പുറത്തെ കുതിരവഴിപ്പാലത്തിലെ അപ്രോച്ച് റോഡ് തകര്‍ന്നു. പാലത്തിന്റെ നെല്ലിക്കുറുശ്ശി ഭാഗത്തുള്ള അപ്പ്രോച്ച് റോഡിന്റെ ഒരു ഭാഗത്തെ ടാറിങ് ആണ് കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് അടര്‍ന്നു പോയത്. ഇഴിഞ്ഞ മാര്‍ച്ച് മാസം 4 നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മാസം 2 തികയും മുന്‍പാണ് അപ്രോച്ച് റോഡ് ഈ സ്ഥിതിയിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് അപ്പ്രോച്ച് റോഡിന്റെ ഒരു ഭാഗത്തെ ഗാര് അടര്‍ന്നത്. നെല്ലിക്കുറുശ്ശി ഭാഗത്തേക്കുള്ള ഭാഗത്തെ അപ്പ്രോച്ച് റോഡ് ഇരു വശവും കോണ്‍ക്രീറ്റ് ചെയ്തതാണ്. ഇതിനിടയില്‍ മണ്ണിട്ട് നികത്തിയാണ് റോഡ് നിര്‍മ്മിച്ചിരുന്നത്. മഴ പെയ്തതോടെ റോഡിനടിയില്‍ ഉണ്ടായ മണ്ണ് താഴ്ന്നതാണ് റോഡ് തകരാന്‍ കാരണമായതെന്നും വിഷയം അടിയന്തരമായി പരിഹരിക്കുമെന്നും ഒറ്റപ്പാലം എംഎല്‍എ കെ. പ്രേംകുമാര്‍ പറഞ്ഞു.
റോഡിന് സമീപം കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് വലിയ കുഴി തന്നെ രൂപപ്പെട്ട നിലയിലാണ്. ചരിഞ്ഞ പാലമായതിനാല്‍ മണ്ണിട്ട് നികത്തിയ ഭാഗത്ത് റോഡ് റോളര്‍ ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നില്ല. തട്ടി കൂട്ട് പണികള്‍ നടത്തി പാലം ഉദ്ഘാടനം ചെയ്ത ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കഴിഞ്ഞ ചിനക്കത്തൂര്‍ പൂരത്തിന് മുമ്പാണ് ഉദ്ഘാടനം നടത്തിയിരുന്നത്. പാലപ്പുറത്തെയും നെല്ലിക്കുറുശ്ശിയെയും ബന്ധിപ്പിക്കുന്ന പാലമാണിത്. അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാലത്തില്‍ താത്കാലിക അറ്റകുറ്റപ്പണി തുടങ്ങി.