LocalNEWS

റയിൽവെ അവഗണന തുടരുന്നു; എറണാകുളത്തെ വികസനങ്ങൾ എങ്ങുമെത്തിയില്ല

എറണാകുളം:ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 25 സ്റ്റേഷനുകളില്‍ പത്തെണ്ണവും കേരളത്തിലേതാണ്.അതിൽതന്നെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന രണ്ടാംനഗരമായി കൊച്ചിയുണ്ടായിട്ടും എറണാകുളത്തെ സ്റ്റേഷനുകൾക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന്  അവഗണനമാത്രം.ജംക്ഷൻ വഴി വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നതുമുതല്‍ പുതിയ പാതകളുടെ കാര്യത്തില്‍വരെ ഇത് വ്യക്തം.
2022–-23 സാമ്ബത്തികവര്‍ഷത്തില്‍ എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍നിന്നുള്ള വരുമാനം 193.34 കോടിയാണ്.എറണാകുളം ടൗണിലേതാകട്ടെ 91.91 കോടിയും. ആലുവയില്‍ 73.88 കോടി വരുമാനമുണ്ട്. ആകെ 359.13 കോടി.എന്നാല്‍, വരുമാനത്തിന് അനുസൃതമായ റെയില്‍വികസനം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത തുടരുകയാണ്.
2023–-24ലെ ബജറ്റില്‍ 31,850 കോടി അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന് കിട്ടിയത് 100.25 കോടിമാത്രവും. പാത ഇരട്ടിപ്പിക്കലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെ അനുവദിച്ച 30,749 കോടിയില്‍ കേരളത്തിന് 193 കോടിമാത്രം.കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ യാത്രക്കാരുള്‍പ്പെടെ കടുത്ത പ്രതിഷേധത്തിലാണ്.
ആത്മ നിർഭർ ഭാരത്, ഗതി ശക്തി ഭാരത് പദ്ധതികളുടെ ഭാഗമായുള്ള എറണാകുളം സ്റ്റേഷനുകളുടെ വികസനവും എങ്ങുമെത്തിയില്ല.ഭിന്നശേഷിസൗഹൃദമായിട്ടാണ്‌ സ്റ്റേഷനുകളുടെ പുനർനിർമാണം വിഭാവനം ചെയ്തത്.സൗത്ത്‌ സ്റ്റേഷനെ കൊച്ചി മെട്രോയുടെ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന 95 മീറ്റർ നീളമുള്ള ആകാശപാതയും വിഭാവനം ചെയ്തിരുന്നു.
ഇരുസ്റ്റേഷനുകളിലെയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനികരീതിയിൽ പുതുക്കി നിർമിക്കുക,മഴയും വെയിലുമേൽക്കാത്തരീതിയിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ പ്ലാറ്റ്ഫോമുകളിൽ ഒരുക്കുക,പല നിലകളിലുള്ള പാർക്കിങ്‌ കോംപ്ലക്സുകൾ രണ്ട് സ്റ്റേഷനിലും നിർമിക്കുക,സൗത്ത്‌ സ്റ്റേഷനിൽ നിലവിലുള്ള ഫുട് ഓവർബ്രിഡ്ജിനുപകരം അത്യാധുനിക മാതൃകയിലുള്ള രണ്ട് എയർ കോൺകോഴ്സുകൾ നിർമിക്കുക എന്നിവയായിരുന്നു ഇതിൽ പ്രധാനം.2021-ൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

Back to top button
error: