ന്യൂഡല്‍ഹി: ഗുണ്ടാ നേതാവും മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്കാന് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതിഖിനെ രാത്രി വൈദ്യപരിശോധനയ്ക്കായി കൊണ്ടുവരുന്ന കാര്യം പ്രതികള്‍ എങ്ങനെ അറിഞ്ഞു എന്ന് കോടതി ചോദിച്ചു. അതീഖിനെയും സഹോദരനെയും ആംബുലന്‍സില്‍ കൊണ്ടുവരാതെ നടത്തിക്കൊണ്ടു വന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് യു പി സര്‍ക്കാരിനോട് കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കൊലപാതവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഈ മാസം 15 ന് രാത്രിയിലാണ് അതിഖ് അഹമ്മദും സഹോദരന് അഷ്റഫ് അഹമ്മദും വെടിയേറ്റു മരിക്കുന്നത്. കൊലപാതകക്കേസില്‍ അറസ്റ്റിലായ ഇരുവരേയും മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ്രാജില് ആശുപത്രി വളപ്പില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.