ലോസ്ഏഞ്ചല്‍സ്: റിയാലിറ്റി താരവും മോഡലുമായ കിം കര്‍ദാഷിയാനുമായുള്ള രൂപസാദൃശ്യത്തെത്തുടര്ന്ന് പ്രശസ്തയായ മോഡല്‍ ക്രിസ്റ്റീന ആഷ്ടെന്‍ ഗോര്‍കാനി അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. 34 വയസ്സായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ആഷ്ടെന്‍ ജി ഓണ്‍ലൈന്‍ എന്നറിയപ്പെട്ട അവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.
ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഇഷ്ടതാരങ്ങളുമായുളള രൂപസാദൃശ്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയയാള്‍ മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ക്രിസ്റ്റീനയുടെ മരണം. കനേഡിയന്‍ നടന് സെയിന്റ് വോണ്‍ കൊലുസിയാണ് കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ ഒരു സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ഇന്‍ഫെക്ഷനെത്തുടര്‍ന്ന് മരിച്ചത്. കെപോപ് സൂപ്പര്‍ഗ്രൂപ്പായ ബിടിഎസ് താരം ജിമിനുമായി ഏറെ സാദൃശ്യമുള്ള 22 കാരനായ സെയിന്റ് വോണ്‍ കൊലുസി കൂടുതല്‍ സാമ്യം ലഭിക്കാന്‍ 2.20 ലക്ഷം ഡോളര്‍ ചെലവഴിച്ച് 12 പ്ലാസ്റ്റിക് സര്‍ജറി നടത്തിയതും നേരത്തെ വാര്‍ത്തയായിരുന്നു.