ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി 8.5 ലക്ഷം രൂപയും 93 പവന് സ്വര്‍ണവും വാങ്ങി കബളിപ്പിച്ച കേസില്‍ വനിത പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. തവനൂര്‍ സ്വദേശിനി ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനകം സ്വര്‍ണവും 3 ലക്ഷം രൂപ ലാഭവും നല്‍കാമെന്ന് വാഗ്ദാനം നല്കി 2017ല്‍ തൃശൂര്‍ പഴയന്നൂര്‍ സ്വദേശിനിയില്‍ നിന്ന് 93 പവന് സ്വര്‍ണം കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു.
ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചെന്നാണു പരാതി. എന്നാല്‍ പിന്നീട് ഇയാളില്‍ നിന്ന് തന്നെ വീണ്ടും ഒന്നര ലക്ഷം രൂപ വാങ്ങി. ആര്യശ്രീയും പഴയന്നൂര്‍ സ്വദേശിനിയും പഴയ സഹപാഠികളാണ്. സ്വര്‍ണവും പണവും തിരികെ ലഭിക്കാതിരുന്നതോടെ പഴയന്നൂര്‍ സ്വദേശിനി പരാതിയുമായി പൊലീസിനെ സമീപിച്ചു.
2 വര്‍ഷം മുന്‍പാണ് ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് ആര്യശ്രീ ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്. ഇരുവരുടെയും പരാതികളില്‍ 2 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ ആര്യശ്രീയെ കോടതി റിമാന്‍ഡ് ചെയ്തു.