ഇടുക്കി: നാടിനെ വിറപ്പിച്ച് അരിക്കൊമ്പനെ നാളെ പുലർച്ചെ മയക്കുവെടിവയ്ക്കും. പുലർച്ചെ നാലരയോടെ ദാത്യം തുടങ്ങാൻ മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൗത്യസംഘത്തിൻറെ യോഗം തീരുമാനിച്ചു. പിടികൂടിയശേഷം എങ്ങോട്ട് മാറ്റുമെന്ന കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ദൃത്യത്തിൻറെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ കുങ്കി ക്യാമ്പും അവസാനവട്ട ഒരുക്കത്തിൽ ആണ്. നാലു ആനകൾ പങ്കെടുക്കുന്നതാണ് അരിക്കൊമ്പൻ മിഷൻ എന്ന സവിശേഷതയുമുണ്ട്. 301 കോളനിയിലെ മറയൂർ കുടി ക്യാമ്പിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടത്തി ഒരുക്കങ്ങൾ വിലയിരുത്തി.
പുലർച്ചെ നാലുമുപ്പതിന് ചിന്നക്കനാലിലെ ബേസ് സ്റ്റേഷനിൽ നിന്ന് ദൗത്യത്തിന് പുറപ്പെടാനാണ് തീരുമാനം. 301 കോളനിയോട് ചേർന്ന ഭാഗങ്ങളിലാണ് അരിക്കൊമ്പനെ ഏറ്റവും ഒടുവിൽ കണ്ടത്. നാല് കുങ്കിയാനകൾ ഉളളതും ഈ മേഖലയിൽത്തന്നെയാണ്. അതുകൊണ്ടുതന്നെ ദൃത്യത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. രാവിലെ ആറിനു തന്നെ ഒറ്റയാനെ വെടിവയ്ക്കാനാണ് തീരുമാനം. ഇതിനുളള തോക്കുകളും മരുന്നുകളും ദൃത്യമേഖലയിൽ എത്തിച്ചിട്ടുണ്ട്. വെടിയേറ്റ് മയങ്ങിയെന്നുറപ്പായാൽ നാല് കുങ്കിയാനകളേയും സമീപത്തേക്ക് എത്തിക്കും. മയക്കം വിടുമുമ്പേ തന്നെ റേഡിയോ കോളർ ധരിപ്പിക്കും. തുടർന്ന് പ്രത്യേക ലോറിയിലേക്ക് മാറ്റും. ദൃത്യത്തിനായി എട്ട് വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
വെടിയേറ്റാൽ ആറു മണിക്കൂർ കഴിഞ്ഞേ കൊമ്പൻ മയക്കം വിട്ടുണരൂകയുള്ളു. അതിന് മുമ്പ് ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോകണം. ഇടയ്ക്ക് താമസം നേരിട്ടാൽ വീണ്ടും മയക്കേണ്ടി വരും. ഇപ്പോഴത്തെ നിലയിൽ തേക്കടിയിലെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റാനാണ് സാധ്യത. തിരുവനന്തപുത്തെ നെയ്യാറും നേരത്തെ പരിഗണിച്ചിരുന്നു. പുലർച്ചെ മഴപെയ്ത് കാലാവസ്ഥാ പ്രതികൂലമായാലേ ദൗത്യം മാറ്റിവയ്ക്കൂ.