KeralaNEWS

കൊച്ചിയുടെ ഗതാഗത മേഖലയിൽ അടിമുടി മാറ്റവുമായി വാട്ടർ മെട്രോ

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ കൊച്ചിയില്‍ യാഥാര്‍ഥ്യമായതോടെ നഗരത്തിലെ ഗതാഗത മേഖല അടിമുടി മാറുകയാണ്.കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ കൊച്ചിയുടെ അടിസ്ഥാന സൗകര്യ മേഖലയിലും ടൂറിസത്തിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോ റെയിലിന് സമാനമായ ടെര്‍മിനലുകളും ടിക്കറ്റ് കൗണ്ടറും അനുബന്ധ സൗകര്യങ്ങളുമാണ് വാട്ടര്‍ മെട്രോയ്ക്കും ഒരുക്കിയിട്ടുള്ളത്.പൊടിയടിക്കാതെ വെയിലു കൊള്ളാതെ സുഗമമായ യാത്ര ലഭിക്കുമെന്നതിനാല്‍ ദൈനംദിന യാത്രയ്ക്കായി ധാരാളം പേര്‍ വാട്ടര്‍ മെട്രോയെ തിരഞ്ഞെടുക്കാനാണ് സാധ്യത.ടിക്കറ്റ് നിരക്ക് താരതമ്യേനെ കുറവായതും നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനാകുമെന്നതും കൂടുതല്‍ യാത്രക്കാരെ വാട്ടര്‍ മെട്രോയിലേക്ക് ആകര്‍ഷിക്കുമെന്നതിൽ സംശയമില്ല.
യാത്രാസമയം ഗണ്യമായി കുറയുമെന്നതും വാട്ടര്‍ മെട്രോയുടെ നേട്ടമാണ്.ശരാശരി എട്ട് മുതല്‍ പത്ത് നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ കുതിക്കാൻ വാട്ടര്‍ മെട്രോയക്ക് സാധിക്കും.റോഡ് മാര്‍ഗം ഹൈക്കോടതിയില്‍നിന്ന് വൈപ്പിനിലേക്ക് ബസിലെത്താന്‍ ഏകദേശം 30 മിനിറ്റോളം സമയമെടുക്കും. ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ അതിലേറെയും. എന്നാല്‍, വാട്ടര്‍ മെട്രോയിലാകുമ്പോള്‍ ഹൈക്കോടതിയില്‍നിന്ന് 20 മിനിറ്റിനകം വൈപ്പിനിലെത്തും.
ബസില്‍ വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്കുള്ള യാത്രാ സമയം വിവിധ റൂട്ടുകളില്‍ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ്‌. എന്നാല്‍, ഇതേ യാത്ര വാട്ടര്‍ മെട്രോയിലാകുമ്പോൾ 23 മിനിറ്റിനകം ലക്ഷ്യസ്ഥാനത്തെത്തും.
ആദ്യഘട്ടത്തിൽ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് സര്‍വീസ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും.കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയാണ്. പരമാവധി 40 രൂപയും.

Back to top button
error: