ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിളിന്റെ ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളിൽ മികച്ച ഉപഭോക്തൃ സേവനം നൽകുന്നതിനായുള്ളത്.
ലോഞ്ച് ഇവന്റിനിടെ, പച്ച ടീ-ഷർട്ടുകൾ ധരിച്ച്, ടിം കുക്കിനൊപ്പം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന ആപ്പിൾ സ്റ്റോർ ജീവനക്കാർ ശ്രദ്ധാകേന്ദം തന്നെയായിരുന്നു. ആപ്പിൾ സ്റ്റോറിലെ ജീവനക്കാരുടെ ഉയർന്ന ശമ്പളനിരക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് ടെക് ബ്രാൻഡ് റീട്ടെയിൽ സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ ജീവനക്കാരുടെത് ഉയർന്ന ശമ്പളനിരക്കാണ്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ഇന്ത്യയിലെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് 1 ലക്ഷം വരെ പ്രതിമാസശമ്പളം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളത്തെ അപേക്ഷിച്ച് ഏകദേശം നാലിരട്ടി വരെ കൂടുതലാണ് ഇതെന്നാണ് അനുമാനം. ഇന്ത്യയിലെ ആദ്യത്തെ രണ്ട് സ്റ്റോറുകളിൽ മികച്ച സേവനം നൽകുന്നതിനായി 170 ജീവനക്കാരെയാണ് ടെക് ഭീമൻ നിയമിച്ചിട്ടുള്ളത്. കൂടാതെ സ്റ്റോറുകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുൻപ് ടീം അംഗങ്ങൾക്കായി മികച്ച ട്രെയിനിംഗും നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ
ഐടി, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ മേഖലകളിൽ ഉയർന്ന യോഗ്യതയുള്ള ജീവനക്കാരെയാണ് ആപ്പിൾ ഇന്ത്യൻ റീട്ടെയിൽ സ്റ്റോറുകളിൽ നിയമിച്ചത്.കൂടാതെ വിവിധ പ്രാദേശിക ഭാഷകളിൽ വൈദഗ്ധ്യമുള്ള ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ചിലരെ ഇന്ത്യയിലെ ആപ്പിളിന്റെ റീട്ടെയിൽ വിപുലീകരണത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിന്ന് സ്ഥലം മാറ്റി, ഇവിടെ നിയമിച്ചിട്ടുണ്ട്.
വ്യാപാരം തുടങ്ങി 25 വർഷത്തിന് ശേഷമാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ സ്റ്റോർ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് ആപ്പിൾ. കഴിഞ്ഞ ആഴ്ചയാണ് ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ സ്റ്റോറുകൾ ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തത്. രണ്ട് സ്റ്റോറുകൾക്കും ആപ്പിൾ പ്രതിമാസം 40 ലക്ഷമാണ് വാടക നൽകുന്നത്. നിലവിൽ ദില്ലിയിലെയും മുംബൈയിലെയും റീട്ടെയിൽ സ്റ്റോറുകൾക്കായി 170-ലധികം ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്.സാകേത് സ്റ്റോറിൽ കമ്പനിക്ക് 70-ലധികം റീട്ടെയിൽ ടീം അംഗങ്ങളുണ്ട്.