പട്ന: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരായ (പിഎഫ്ഐ) നടപടികളുടെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബിഹാറില്‍ 12 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. മുസഫര്‍നഗര്‍, ഈസ്റ്റ് ചമ്പാരന്‍, ദര്‍ഭംഗ, മധേപ്പുര, മധുബനി, കതിഹാര്‍ ജില്ലകളിലെ വിവിധയിടങ്ങളിലായിരുന്നു പരിശോധന. മുസഫര്‍നഗറില്‍ മുഹമ്മദ് സഖിബിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു റെയ്ഡ്. കഴിഞ്ഞ ഒരു വര്‍ഷമായി സഖിബ് വീടുമായി ബന്ധപ്പെട്ടിട്ടില്ലെന്നു മാതാപിതാക്കള്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു. വീട്ടില്‍നിന്നു സഖിബിന്റെ ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്‍ഐഎ സംഘം കൊണ്ടുപോയി.
ഈസ്റ്റ് ചമ്പാരനില്‍ സജ്ജാദ് അന്‍സാരിയുടെ വീടു റെയ്ഡ് ചെയ്ത സംഘം ചില രേഖകള്‍ പിടിച്ചെടുത്തു. ദര്‍ഭംഗ ജില്ലയില്‍ രണ്ടിടത്തു റെയ്ഡ് നടന്നു. ദര്‍ഭംഗ ഉറുദു ബസാറില്‍ ദന്ത ഡോക്ടര്‍ ഷറീഖ് റാസയുടെ വീട്ടിലെ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ശങ്കര്പുരില് മുഹമ്മദ് മെഹബൂബിന്റെ വസതിയില്‍ റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ സ്ഥലത്തില്ലായിരുന്നു. മധുബനിയില്‍ മുഹമ്മദ് ഷഹാബുദ്ദീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. കതിഹാര്‍ ജില്ലയിലെ രണ്ടിടങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തി.