പ്രണയബന്ധം തകരുമ്പോൾ അത് വ്യക്തികളെ മാനസികമായി ബാധിക്കുന്നത് ഒരു പരിധി വരെ സ്വാഭാവികമാണ്. ചിലരിൽ ഇത് വിഷാദം വരാനോ, ഉത്കണ്ഠ അധികരിക്കാനോ എല്ലാം കാരണമാകാറുണ്ട്. എന്നാൽ പരിധികൾ ലംഘിച്ച് സ്വയമോ മറ്റുള്ളവർക്കോ ഭീഷണിയാകും വിധത്തിൽ ഈ മാനസികാവസ്ഥ മാറുന്നത് തീർച്ചയായും അപകടം തന്നെയാണ്. പ്രണയനൈരാശ്യത്തെ തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയോ, വെട്ടിക്കൊലപ്പെടുത്തുകയോ എല്ലാം ചെയ്യുന്നവരുടെ നാടാണ് നമ്മുടേത്. ഈ വിഷയത്തിൽ ആവശ്യമായ അവബോധം ആളുകൾക്കിടയിൽ- പ്രത്യേകിച്ച് യുവാക്കളിൽ ഇല്ല എന്നതാണ് ഇത്തരം വാർത്തകൾ ആവർത്തിക്കുന്ന സാഹചര്യം തെളിയിക്കുന്നത്.
സമാനമായൊരു വാർത്തയാണ് ഛത്തീസ്ഗഡിൽ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. മുൻകാമുകനെതിരെ അയാളുടെ വിവാഹദിവസം തന്നെ ആസിഡ് ആക്രമണം നടത്തിയിരിക്കുകയാണ് ഒരു യുവതി. ആദ്യം സംഭവത്തിൽ ആരാണ് പ്രതിയെന്ന് മനസിലായില്ലങ്കിലും പിന്നീട് പൊലീസന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ബസ്തറിലാണ് സംഭവം നടന്നിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരനായ യുവാവിൻറെ വിവാഹദിനത്തിൽ വേഷം മാറി പുരുഷനെ പോലെ എത്തിയ മുൻകാമുകി ഇയാൾക്കെതിരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ വൈദ്യുതി ഇല്ലാതിരുന്നതിനാൽ തന്നെ ആരാണ് ചെയ്തത് എന്നതിന് സാക്ഷികളില്ലായിരുന്നു.
പിന്നീട് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിൻറെ നിജസ്ഥിതി പുറത്തുവരുന്നത്. വർഷങ്ങളായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഇയാൾ തീരുമാനിച്ചതോടെയാണ് താൻ ആസിഡ് ആക്രമണം നടത്തിയത് എന്നും യുവതി പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ ആസിഡ് ആക്രമണത്തിൽ യുവാവിനും വധുവിനും മറ്റ് ചിലർക്ക് നിസാരമായ പരുക്കാണ് പറ്റിയിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചത്തീസ്ഗഡിൽ തന്നെ മുൻകാമുകിയുടെ വിവാഹത്തിന് ബോംബ് ഘടിപ്പിച്ച ഹോം തിയേറ്റർ സമ്മാനമായി നൽകി, ബോബ് പൊട്ടി വരനും അദ്ദേഹത്തിൻറെ സഹോദരനും മരിച്ച സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു.