കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ എ ഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയേറുന്നു. എസ്ആർഐടി പദ്ധതിയുടെ ഉപകരാർ നൽകിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി രൂപീകരിച്ചത് 2020 ഫെബ്രുവരിയിൽ മാത്രമാണ്. ഈ കമ്പനിക്ക് ഈ രംഗത്ത് കാര്യമായ പരിചയമില്ല. കമ്പനിയുടെ രജിസ്ട്രേഷൻ രേഖ പുറത്ത്.
ബന്ധുക്കളായ രണ്ട് പേരടക്കം നാല് പേരാണ് പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർമാർ. എ ഐ ക്യാമറ സ്ഥാപിക്കാൻ വലിയ കരാറുകൾ എടുത്ത് ഇവർക്ക് യാതൊരു മുൻ പരിചയവുമില്ല. കരാറിന്റെ ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പും പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്തതോടെ ഇവരെ പുറത്താക്കി പുതിയ കരാറുണ്ടാക്കി. ആദ്യം ഉണ്ടാക്കിയത് 151കോടി രൂപയുടെ കരാർ. പ്രസാഡിയോയുടെ ആഭ്യന്തര എസ്റ്റിമേറ്റനുസരിച്ച് ചെലവ് 62 കോടി മാത്രമായിരുന്നു. യോഗങ്ങളിൽ ആദ്യ ഘട്ടത്തിൽ ഭരണകക്ഷിയിലെ പ്രമുഖന്റെ അടുത്ത ബന്ധു പങ്കെടുക്കുകയും ചെയ്തു.
ആരോപണങ്ങൾ നിഷേധിച്ച എസ്ആർഐടി സിഎംഡി മധു നമ്പ്യാർ, ഉപകരാർ നൽകിയ 2 കമ്പനികൾ തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് പറയുന്നത്. 151 കോടി ഫണ്ട് ചെയ്യാമെന്ന് കമ്പനികൾ അറിയിച്ചത്. എന്നാൽ ലൈറ്റ് മാസ്റ്ററിന് ഫണ്ട് ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിന് ബാങ്ക് വായ്പ തേടാൻ തീരുമാനമെടുക്കാൻ പോകുമ്പോഴാണ് കേരളത്തിൽ നിന്നുള്ള കമ്പനികൾ ഞങ്ങളെ ബന്ധപ്പെട്ടത്. ഇലക്ട്രോണിക്സ് മുഴുവൻ ലൈറ്റ് മാസ്റ്ററും സിവിൽ വർക്കുകളും മറ്റും പ്രസാദിയോയും നൽകാമെന്ന് ഉറപ്പ് പറഞ്ഞു. രണ്ട് പേരും ഫണ്ട് ചെയ്യാമെന്ന് പറഞ്ഞു. ഒന്നര മാസം കാത്തുനിന്നു. എന്നാൽ പിന്നീട് പ്രവർത്തികൾ വൈകി. ഇതോടെയാണ് ഫണ്ടിങ് അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞു. ഇ-സെൻട്രിക് ഡിജിറ്റൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇപ്പോൾ ഫണ്ട് ചെയ്യുന്നതെന്നും എസ്ആർഐടി സിഎംഡി പറഞ്ഞു.