തിരുവനന്തപുരം: കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസിന്റെ സര്‍വ്വീസ് പ്രധാനമന്ത്രി ഏപ്രില്‍ 25ന് ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രെയിന്‍ സമയങ്ങളില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിന്‍ സമയങ്ങളില്‍ മാറ്റവും വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും കണക്കിലെടുത്താണ് ഇന്നും നാളെയും ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ എറണാകുളം – ഗുരുവായൂര്‍ സ്പെഷലും, ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമുവും റദ്ദാക്കി. ഇന്നത്തെ കണ്ണൂര്‍ – എറണാകുളം എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവ തൃശ്ശൂരില്‍ യാത്ര അവസനിപ്പിക്കുമെന്നാണഅ റിപ്പോര്‍ട്ട്.
മലബാര്‍ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവ ഇന്നും നാളെയും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ – കൊച്ചുവേളി ട്രെയിന്‍ നേമം വരെയും സര്‍വ്വീസ് നടത്തും. വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തില്‍ മാറ്റവും വരുത്തിയിട്ടുണ്ട്.
വേണാട് എക്സ്പ്രസിന് കായംകുളം വരെയാണ് സമയമാറ്റം. ഏപ്രില്‍ 28 മുതല്‍ രാവിലെ 5.25നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്സ്പ്രസ് പുറപ്പെടുക. അതേസമയം, കൊല്ലം മുതല്‍ എറണാകുളം ടൗണ്‍ വരെയാണ് പാലരുവി എക്സ്പ്രസിന്റെ സമയമാറ്റം. 4.35ന് പകരം 5 മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുള്ള സമയക്രമത്തില്‍ മാറ്റമില്ല.