കൊല്ലം: കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റില്‍. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തില്‍ വിജയന്റെ (ഉണ്ണി 49) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ 17 നു രാത്രി മുതല്‍ കാണാനില്ലായിരുന്നു.
ഇന്നലെ രാവിലെയാണ് സംഭവം. കര്‍ണാടകയില്‍ ജോലി ചെയ്തിരുന്ന വിജയന് അഞ്ചു ദിവസം മുന്‍പാണു നാട്ടിലെത്തിയത്. അവിവാഹിതനായ വിജയന് ഒറ്റയ്ക്കായിരുന്നു താമസം. സമീപത്തെ ബന്ധുവീട്ടില്‍ നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. 17 നു രാത്രി അത്താഴം കഴിച്ച ശേഷം ഇവിടെ നിന്നു മടങ്ങിയ ശേഷം കാണാതാവുകയായിരുന്നു.
ഇന്നലെ രാവിലെ വീട്ടുകാര്‍ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ ഒരാളുടെ കാല് ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് വിവരം ചടയമംഗലം പോലീസില്‍ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലയില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ആള്‍മറ കുറവുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണപ്പോള്‍ തല ഇടിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.