BusinessTRENDING

പ്രധാനമന്ത്രിയും ആപ്പിൾ സിഇഒയും കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യമറിയിച്ച് ടിം കുക്ക്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആപ്പിൾ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച ടിം കുക്ക് രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റ് ചെയ്തു. വ‍‍ർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഇലക്ടോണിക്സിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ്‍ പ്രവ‍ർത്തിച്ച പ്രധാനമന്ത്രിയെ ടിം അഭിനന്ദിച്ചു. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും ടിം കുക്ക് ട്വിറ്ററിൽ കുറിച്ചു.

ടിം കുക്കുമായുള്ള ചർച്ച സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ടിം കുക്ക് ഇന്ന് കൂടികാഴ്ച നടത്തി. ടിം കുക്കുമായുള്ള കൂടികാഴ്ച പലതലങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് രാജീവ് ചന്ദ്രശേഖർ പറ‍ഞ്ഞു. നാളെയാണ് ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ദില്ലിയിൽ പ്രവർത്തനമാരംഭിക്കുന്നത്.

Back to top button
error: