പത്തനംതിട്ട: പണം കടം വാങ്ങി മുങ്ങിയ യുവാവിനെ ഗുജറാത്തില്‍നിന്നു പോലീസ് കണ്ടെത്തി. തിരികെയെത്തിച്ചപ്പോള്‍ യുവാവിനെതിരെ പരാതി പ്രളയം. മല്ലപ്പളിയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് മുങ്ങിയ യുവാവിനെ വീട്ടുകാരുടെ പരാതിയില്‍ മടക്കി കൊണ്ട് വന്നപ്പോഴാണ് പോലീസ് സ്റ്റേഷനില്‍ പണം കിട്ടാനുള്ളവരുടെ തിരക്ക് അനുഭവപ്പെടുന്നത്. കോട്ടാങ്ങല്‍ പാടിമണ്‍ കോലമല വീട്ടില്‍ സാജന്‍ തോമസി(38)നെയാണ് പെരുമ്പെട്ടി പോലീസ് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയായ രാധന്‍പുരില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചത്.
നിരവധി നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങി മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത് ആണ് ഒരു വര്‍ഷം മുന്‍പ് സാജന്‍ നാട്ടില്‍ നിന്നും മുങ്ങിയത്. നാട്ടില്‍ നിരവധിയാളുകളില്‍ നിന്നും പണം കടം വാങ്ങുകയും തിരികെ നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ഒളിവില്‍ പോകുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ കാണാതായതായി ബന്ധുക്കള്‍ പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ യുവാവ് സംസ്ഥാനം വിട്ടതായി സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഇതിനിടയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ ജോലി ചെയ്തിരുന്നുവെന്ന വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി മുഖേന രാജസ്ഥാന്‍ പോലീസുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയായ രാധന്‍പുരില്‍ കണ്ടെത്തുകയുമായിരുന്നു. ഇയാളെ പിടികൂടിയതറിഞ്ഞാണ് പണം തിരികെ കിട്ടാത്തവരുടെ പരാതികള്‍ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് പ്രവഹിക്കുന്നത്. പരാതികളില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പണം കടം വാങ്ങിയത് സുഹൃത്തിനു വേണ്ടിയാണെന്നും, അയാള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇവര്‍ ചേര്‍ന്ന് നടത്തിയ കച്ചവടം നഷ്ടത്തിലായതായും സാജന്‍ തോമസ് പോലീസിനോട് പറഞ്ഞു. ഇതിനെ പറ്റി പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. യുവാവിനെ കോടതിയില്‍ ഹാജരാക്കി.