KeralaNEWS

കെഎസ്ആര്‍ടിസി ശമ്പളം രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തില്‍; സമയപരിധി ഇന്ന് തീരും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം എന്നുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പെന്‍ഷന്‍ വിതരണവും ഇതുവരെ നടന്നിട്ടില്ല. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പ്രകാരം പെന്‍ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

കെഎസ്ആര്‍ടിസി ജീവനകാര്‍ക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു അഞ്ചാം തീയതിക്കു മുന്‍പ് നല്‍കിയെങ്കിലും, ഈസ്റ്ററും വിഷുവും കഴിഞ്ഞ് റമദാനും അടുത്തെങ്കിലും രണ്ടാം ഗഡുവിന്റെ കാര്യം തീരുമാനമായിട്ടില്ല. ധനകാര്യ വകുപ്പില്‍ നിന്ന് ശമ്പളത്തിനുള്ള തുക സംബന്ധിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് 50 കോടി രൂപയാണ് ലഭിക്കേണ്ടത്. ഇതില്‍ 40 കോടിയുണ്ടെങ്കില്‍ രണ്ടാം ഗഡു നല്‍കാനാകും. അതേസമയം, ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെതിരേ ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിനോട് യോജിച്ച് ശക്തമായ സമരത്തിന് തയാറെടുക്കുകയാണ് സിഐടിയുവും ഐഎന്‍ടിയുസി അംഗീകൃത ടിഡിഎഫും.

Signature-ad

വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് രണ്ടു മാസമായി. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഉറപ്പുനല്‍കിയ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ വിതരണത്തിനുള്ള തുക ധനവകുപ്പ് അനുവദിച്ചെങ്കിലും സാങ്കേതിത്വത്തില്‍ തട്ടിനില്‍ക്കുകയാണ്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് പെന്‍ഷന്‍ വിതരണം. എന്നാല്‍, ഇത്തവണ ധനവകുപ്പ് നേരിട്ട് അനുവദിച്ച പണമായതിനാല്‍ സഹകരണ ബാങ്കുകള്‍ എങ്ങനെ വിതരണം ചെയ്യുമെന്നതിലാണ് പ്രശ്‌നം. ഹൈക്കോടതിയില്‍ നിന്ന് ശകാരം കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ ആശയക്കുഴപ്പം പരിഹരിച്ച് ഇന്ന് തന്നെ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികളിലാണ് സര്‍ക്കാര്‍.

Back to top button
error: