അടഞ്ഞ അധ്യായം എന്ന് പാർട്ടി പറഞ്ഞിട്ടും കെ എസ് എഫ് ഇ വിഷയം തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ സംശയത്തോടെ വീക്ഷിച്ച് സിപിഐഎം .കെ എസ് എഫ് ഇ വിഷയത്തിൽ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയ തോമസ് ഐസക്കിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പ് ഇറക്കിയതിന് ശേഷമാണ് ഐസക്കിന്റെ പ്രസ്താവന .
പാർട്ടി നിലപാടിന് ശേഷം ഐസക്ക് നടത്തിയ പരാമർശങ്ങൾ തല്ക്കാലം പാർട്ടി പരിശോധിക്കില്ല .എന്നാൽ ഈ വിഷയം ഇനിയും പാർട്ടിയിൽ ഉന്നയിക്കാൻ ഐസക്കിനെ അനുവദിക്കില്ല .പാർട്ടിയിൽ ഒരു പുതിയ ഗ്രൂപ്പിനായി ഐസക്ക് ശ്രമിക്കുക ആണോ എന്ന സംശയം ചില നേതാക്കൾക്കുണ്ട് .
എന്നാൽ സ്വന്തം ജില്ലയിൽ പോലും അനുയായികൾ ഇല്ലാത്ത ഐസക്കിൽ നിന്ന് വലിയൊരു കലാപം പാർട്ടി പ്രതീക്ഷിക്കുന്നില്ല .എങ്കിൽ പോലും സമാന മനസ്കരെ ഒരു കുടക്കീഴിൽ അണിനിരത്താൻ ഐസക് ശ്രമിക്കുമോ എന്ന കാര്യം പാർട്ടി നിരീക്ഷിക്കും .
പാർട്ടിയിൽ ഒരു എതിർചേരിയ്ക്ക് സാഹചര്യം ഒരുക്കേണ്ട എന്ന നിലയ്ക്കാണ് സിപിഐഎം തോമസ് ഐസക്കിനും ആനത്തലവട്ടം ആനന്ദനും എതിരെ നടപടി എടുക്കാത്തത് .മുഖ്യമന്ത്രിയുടെ നിലപാട് ആണ് ശരിയെന്നും പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി നൽകുകയാണ് തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും ചെയ്തത് എന്നാണ് പാർട്ടി വിലയിരുത്തിയത് .
വിജിലൻസിന് വീഴ്ചയുണ്ടായി എന്ന് സമർത്ഥിക്കാൻ ആണ് യോഗത്തിലും ഐസക്ക് ശ്രമിച്ചത് .എന്നാൽ പാർട്ടിയിൽ ഒരാളുടെ പോലും പിന്തുണ ഐസക്കിന് ലഭിച്ചില്ല .പാർട്ടി നടപടിയ്ക്ക് സമാനമായ നടപടി എന്ന രീതിയിൽ വേണം സിപിഐഎം വാർത്താക്കുറിപ്പിനെ വ്യാഖ്യാനിക്കാൻ.പാർട്ടി അംഗങ്ങൾക്ക് യോജിക്കാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടി എടുക്കാം എന്നാണ് സിപിഐഎം .ഭരണഘടന.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആണ് അവൈലബ്ൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നത് .അവധിയിലുള്ള കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ എസ് രാമചന്ദ്രൻ പിള്ളയും എം എ ബേബിയും യോഗത്തിൽ പങ്കെടുത്തു .സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ അടക്കം മറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു .
തനിയ്ക്ക് സഹായത്തിന് ഐസക്ക് ഉറ്റുനോക്കിയത് കേന്ദ്ര നേതൃത്വത്തെയാണ് .എന്നാൽ എസ്ആർപിയും ബേബിയും ഐസക്കിനെ തള്ളിപ്പറഞ്ഞു .കേന്ദ്ര നേതൃത്വം തന്റെയൊപ്പമാണെന്ന പ്രതീതി പലപ്പോഴും ഐസക്ക് സൃഷ്ടിച്ചിരുന്നു .ഇതാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പൊളിഞ്ഞു വീണത് .