KeralaNEWS

അഡ്വ. സൈബി ജോസിനെതിരായ വഞ്ചനാ കേസ്; തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ള വഞ്ചനാ കേസില്‍ നിലവില്‍ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പോലീസ് വ്യക്തമാക്കിയത്. പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബ കോടതി കേസില്‍ നിന്നും പിന്മാറാന്‍ സൈബി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിലായിരുന്നു ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. കേസിന്റെ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബ കോടതിയില്‍ ഉള്‍പ്പെടെ ഭാര്യ നല്‍കിയ കേസ് പിന്‍വലിക്കാം എന്ന് പറഞ്ഞാണ് സൈബി പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിന്‍വലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് പിന്‍വലിക്കാന്‍ തയാറായില്ലെന്നാണ് പരാതി. പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ ആരോപിച്ചു.

Signature-ad

ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സൈബിക്കെതിരേ കേസെടുത്തിരുന്നു. സിനിമാ നിര്‍മാതാവ് നടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം വാങ്ങി നല്‍കാന്‍ ജഡ്ജിയ്ക്കാണെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ഒരു ആരോപണം. പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസില്‍ ജാമ്യം നേടാമെന്ന് പറഞ്ഞ് പണം വാങ്ങിയതായും ആരോപണമുയര്‍ന്നു. മൂന്ന് ജഡ്ജിമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

Back to top button
error: