ഭുവനേശ്വർ: റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് എസ്.യു.വി കുതിച്ചെത്തി. ഒഡീഷയിലെ ഭുവനേശ്വർ റെയിൽവേ സ്‌റ്റേഷനിലാണ് വൻ അപകടത്തിനു കാരണമായേക്കാവുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തിയതി പുലർച്ചെ 1.30 നാണ് സിനിമയെ വെല്ലുന്ന രംഗം നടന്നത്. ചരക്കു സാമഗ്രഹികൾ സ്റ്റേഷനിലേയ്ക്കെത്തിക്കുന്ന ചെറിയ ഗേറ്റ് വഴിയാണ് ഒരാൾ കിയ സെൽറ്റോസുമായി ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. എസ്.യു.വി ഇയാൾ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
യാത്രക്കാർ ഭയചകിതരായെങ്കിലും യാത്രികരിലൊരാൾ സമയോചിതമായി വാഹനത്തിൻ്റെ ഇഗ്നീഷൻ ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി. വാഹനത്തിൻ്റെ ഇടതു വീൽ പ്ലാറ്റ്ഫോമിൽ നിന്നു ട്രാക്കിലേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിലാണ് വാഹനം നിന്നത്. സ്റ്റേഷനിലെ ഡ്യൂട്ടി ഓഫീസർ സമയോചിതമായി ഇടപെട്ട് വാഹനം ഓടിച്ചയാളെ പിടികൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയിൽവേ യാത്രക്കാരുടെയും സ്റ്റേഷനിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പു നൽകുന്ന റെയിൽവേ ആക്റ്റിലെ 147,154, 159, 145 ബി സെക്ഷൻസ് പ്രകാരമുള്ള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Major lapse! Car enters platform of Bhubaneswar railway station. #WATCH #Odisha pic.twitter.com/yhm7ASBdr8
— OTV (@otvnews) April 4, 2023
പ്ലാറ്റ്ഫോമിൽ നിന്നും ട്രാക്കിലേക്കിറങ്ങി നിന്ന വാഹനം ക്രെയിൻ ഉപയോഗിച്ചാണ് നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ച് റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമാണ് അന്വേക്ഷണം നടത്തുന്നത്. രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഗതാഗത മാർഗമായി ഉപയോഗിക്കുന്ന റെയിൽ ഗതാഗത സംവിധാനത്തിൽ ഇത്തരമൊരു സുരക്ഷാവീഴ്ച വന്നത് വലിയ ആശങ്ക ഉളവാക്കുന്ന കാര്യമാണ്. പുറത്തു നിന്നൊരു വാഹനം പാറ്റ്ഫോമിലേക്കെത്താൽ ഇടയായ സാഹചര്യം സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനത്തിൻ്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടുന്നതെന്നാണ് വ്യാപകമാവുന്ന വിമർശനം.