കീവ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്‍മാരെക്കാള്‍ ക്രൂരന്‍മാരാണ് റഷ്യന്‍ സൈനികരെന്ന ആരോപണവുമായി യുക്രൈന്‍. തടവുകാരനായി പിടികൂടിയ യുക്രൈന്‍ സൈനികനെ റഷ്യന്‍ സൈനികന്‍ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് യുക്രൈന്റെ പ്രതികരണം. യുക്രൈന്‍ സൈന്യം ഉപയോഗിക്കുന്ന ബാന്‍ഡ് ധരിച്ച ആളെ റഷ്യന്‍ യൂണിഫോം ധരിച്ച ആള്‍ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.
റഷ്യന്‍ സൈന്യം മൃഗീയമായി കൊലപാതകം നടത്തുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. ലോകത്തുള്ള ആര്‍ക്കും തന്നെ ഇക്കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. നിയമപരമായ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ഭീകരപ്രവര്‍ത്തനം ചെറുത്തു തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇനിയും ഉറപ്പ് വരുത്താനായിട്ടില്ല. വിഡിയോയെ സംബന്ധിച്ച് റഷ്യന്‍ സര്‍ക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.