കണ്ണൂര്‍: തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബര്‍ ബോര്‍ഡ് ചെയര്മാന് സവാര്‍ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. കണ്ണൂര്‍ നെല്ലിക്കാംപോയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ റബര്‍ താങ്ങുവില ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. കര്‍ഷകരുമായി ബന്ധപ്പെട്ട ആശങ്കകള്‍ അനുഭാവം പരിഗണിക്കാമെന്നും താങ്ങുവിലയുടെ കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും റബര്‍ ബോര്‍ഡ് ചെയര്മാന് ബിഷപ്പിന് ഉറപ്പു നല്കി.
റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ എംപിമാരില്ലെന്ന വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരുമെന്ന മാര്‍ പാംപ്ലാനി നിലപാട് എടുത്തിരുന്നു. റബര്‍ താങ്ങുവിലയുടെ കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചിട്ടില്ലെന്നും മറ്റു പല കാര്യങ്ങളും അനുഭാവത്തോടെ അവര്‍ ചെയ്തുതന്നിട്ടുണ്ടെന്നും പാംപ്ലാനി പറഞ്ഞിരുന്നു.
നേരത്തേ, റബര്‍ ബോര്‍ഡ് ഉപാധ്യക്ഷനും ബിഡിജെഎസ് നേതാവുമായ കെ.എം.ഉണ്ണികൃഷ്ണന് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അരമണിക്കൂര്‍ കൂടിക്കാഴ്ചയില്‍ റബര്‍വില സ്ഥിരത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചയായിരുന്നു.